മലയിൻകീഴ്: കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തകർ നൽകുന്ന ഭക്ഷണത്തിന് കാത്തുനിന്ന വൃദ്ധന്റെ ഇടുപ്പെല്ല് അടിച്ചുതകർത്ത യുവാവ് പിടിയിൽ. മച്ചേൽ പോറ്റിക്കര വിള രാമവിലാസത്തിൽ ആർ. ദാമോദരൻനായർക്ക് (83) നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തഴക്കരക്കോണം കിഴക്കുംകര വീട്ടിൽ വി. വിജിതിനെ (23) ഇന്നലെ രാവിലെ മലയിൻകീഴ് പൊലീസ് പിടികൂടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ മച്ചേൽ പാലത്തിന് സമീപമാണ് സംഭവം. ഭക്ഷണമെത്തുന്നതും കാത്ത് വഴിയിൽ ദാമോദരൻനായർ നിൽക്കുമ്പോൾ അവിടെയെത്തിയ വിജിത് അസഭ്യം വിളച്ച ശേഷം ദാമോദരൻനായരുടെ കൈയിലിരുന്ന ഊന്നുവടി പിടിച്ച് വാങ്ങി അടിക്കുകയായിരുന്നു. തറയിൽ വീണശേഷവും ക്രൂരമായി മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. മർദ്ദനം തുടങ്ങിയപ്പോൾ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഒടുവിൽ ബോധം നഷ്ടപ്പെട്ടെന്ന് കണ്ടതോടെയാണ് വിജിത്ത് സ്ഥലംവിട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലുമെത്തിച്ചു. ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ദാമോദരൻ നായർക്ക് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണമാണ് ഏക സഹായം. സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.