കോട്ടയം: സംസ്ഥാന അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കേരളം പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. അടുത്ത ദിവസം മുതല്‍ അതിര്‍ത്തിയില്‍ പരിശോധനക്ക് ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
ജാഗ്രതയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്ക് വരുന്ന വാഹനങ്ങളേയും യാത്രക്കാരേയും വഴിക്കടവ് ആനമറിയില്‍ വച്ചായിരുന്നു പരിശോധിച്ചിരുന്നത്. 10 കിലോമീറ്റര്‍ മീതെ നാടുകാണി ടൗണിലാണ് തമിഴ്നാടിന്റെ പരിശോധന. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളാണ് വഴിക്കടവില്‍ ആനമറിയിലെ എക്സൈസ് ചെക്ക്പോസ്റ്റിനടുത്ത് പരിശോധിച്ചിരുന്നത്. ആനമറിയില്‍ പരിശോധന നടക്കുന്ന സ്ഥലത്ത് എത്താതെ വനത്തിലൂടെ കേരളത്തിലേക്ക് ഒട്ടേറെപ്പേര്‍ നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തമിഴ്നാട് അതിര്‍ത്തിയില്‍ തന്നെ ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചത്.
തമിഴ്നാട്ടിൽ കോവിഡ് വ്യാപന സാധ്യത കൂടിയതും പരിശോധന കര്‍ക്കശമാക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നുണ്ട്. നേരത്തെ അതിര്‍ത്തിയില്‍ പരിശോധനക്ക് ആവശ്യത്തിന് ജീവനക്കാരിലെന്ന പരാതിയുണ്ടായിരുന്നു. ആവശ്യമുളളിടത്തോളം ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും നടപടിയായിട്ടുണ്ട്