കല്ലമ്പലം:ലോക്ക് ഡൗണിന്റെ മറവിൽ അഴിമതി വ്യാപകമായതിനെത്തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് ബി.സത്യൻ എം.എൽ.എ ആവശ്യപ്പെട്ടു.വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കലും അഴുകിയ മത്സ്യ വിൽപ്പനയും തകൃതിയായതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി,ആരോഗ്യ വിഭാഗം, പൊലീസ്,ജനപ്രതിനിധികൾ എന്നിവർ അതത് പ്രദേശളിൽ നിരീക്ഷണം നടത്തണം.ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായവും തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംയുക്ത പരിശോധനയും കർശന നടപടിയുമെടുക്കണമെന്ന് കളക്ടറുടെ നിർദ്ദേശമുണ്ട്.കൊവിഡിന്റെ മറവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേടായതും വിഷം ചേർത്തതുമായ മത്സ്യം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്കെത്തുകയും നാട്ടുകാരെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടി ഖേദകരമാണ്.

അതേസമയം,അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലാ അതിർത്തിയിലെത്തുന്നകണ്ടെയ്‌നർ ലോറികളും സംശയകരമായി തോന്നുന്ന വാഹനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കല്ലമ്പലം എസ്.ഐ വി.നിജാം പറഞ്ഞു.