കല്ലമ്പലം: മരുന്ന് വാങ്ങാൻ നിവർത്തിയില്ലാതെ തന്നെ വിളിച്ച കുടുംബത്തിന് സഹായവുമായി വി. ജോയി എം.എൽ.എ. മൂന്ന് മണിക്കൂർ കൂടുമ്പോൾ രക്തത്തിൽ ഷുഗറിന്റെ അളവ് പരിശോധിച്ച് മരുന്ന് നൽകേണ്ട പീഡിയാട്രിക് ഡയബറ്റിക്ക് രോഗിയായ 9 വയസുകാരിയായ മകൾ ആസിയമോൾക്കുവേണ്ടിയാണ് മാതാവ് റസിയ എം.എൽ.എയെ കഴിഞ്ഞ ദിവസം വിളിച്ചത്.
' രണ്ടു ദിവസമായി മകൾക്ക് ഷുഗർ പരിശോധിക്കുന്ന സ്ട്രിപ്പ് തീർന്നുപോയി. സ്ട്രിപ്പ് വാങ്ങാൻ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ തവണ മകളുടെ കമ്മൽ പണയം വച്ചാണ് സ്ട്രിപ്പ് വാങ്ങിയത് - സഹായിക്കണം' ഇടറിയ ശബ്ദത്തിൽ റസിയ പറഞ്ഞു. ഏത് കമ്പനിയുടെ സ്ട്രിപ്പാണ് വേണ്ടതെന്ന് മനസിലാക്കിയ അദ്ദേഹം പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. പാരിപ്പള്ളിയിൽ വിശ്വാസ് മെഡിക്കൽ സ്റ്റോർ നടത്തുന്ന കെ.കെ കോണം സ്വദേശി ഷാജഹാനോട് സ്ട്രിപ്പിന്റെ കാര്യം ആരാഞ്ഞപ്പോൾ പ്രസ്‌തുത കമ്പനിയുടെ സ്ട്രിപ്പ് കിട്ടാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്താണ് പോംവഴിയെന്ന് അന്വേഷിച്ച എം.എൽ.എയോട് ' തന്റെ കൈയിലുള്ള അക്വാ ടെക്കിന്റെ ഒരു പുതിയ മെഷീനും സ്ട്രിപ്പ് നൽകാമെന്ന് ' ഷാജഹാൻ പറഞ്ഞു. തുടർന്ന് വി. ജോയി എം.എൽ.എയും ഷാജഹാനും പ്രവർത്തകരും റസിയയുടെ വീട്ടിലെത്തി മെഷീനും സ്ട്രിപ്പും കൈമാറി. മെഷീൻ നൽകിയ ജീവകാരുണ്യ പ്രവർത്തകനായ ഷാജഹാനെ എം.എൽ.എ നന്ദി അറിയിച്ചു. സമീപത്ത് ഇതേ അസുഖം ബാധിച്ച ബൈജു നിവാസിൽ ശോഭയുടെ മകൻ ആദിത്യന്റെ കാര്യം നാട്ടുകാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ലൈഫ് സേവ് എന്ന സംഘടനയുമായി എം.എൽ.എ ഇക്കാര്യം സംസാരിച്ചു. സംഘടനയുടെ പ്രധാന പ്രവർത്തകരായ ഷിസി പകൽക്കുറിയും സുരേഷ് മുതലയും ആദിത്യന് ആവശ്യമായ മരുന്ന് ഉടൻ എത്തിക്കും. തിരക്കിനിടെയിലും എം.എൽ.എയുടെ ഇടപെടലിൽ നാട്ടുകാർ നന്ദി പറഞ്ഞു.