vishu

@നാളെ ആഘോഷമില്ലാതെ വിഷു

തിരുവനന്തപുരം: നാളെ പുലർകാലെ ഭഗവാന് അമ്പലങ്ങളിൽ കണിയൊരുങ്ങും. കണിക്കൊന്ന ഉൾപ്പെടെ ചേർത്ത് പൂജാരി കണിയൊരുക്കും. പക്ഷേ, ഭഗവാന് കണികാണാൻ തൊഴുകൈകളും പ്രാ‌ർത്ഥന നിറയുന്ന മനസുമായി ഭക്തർ ഉണ്ടാവില്ല. മഞ്ഞത്തുകിൽ ചാർത്തിയ കമലനേത്രനെ അമ്പലത്തിൽ പോയി കാണാൻ ഭക്തർക്കും കഴിയില്ല. ലോക്ക് ഡൗണിൽ വിഷു ആഘോഷവും ലോക്കായി.

നാട്ടിലെ കണിക്കൊന്നകളെല്ലാം സ്വർണ്ണം വിരിയിച്ച് നിൽക്കുകയാണ്.'വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ' എന്ന വാശിയിൽ. വിഷുത്തലേന്ന് നഗരത്തിലെ വിപണികളിലെത്തുന്നത് നാട്ടിൻപുറങ്ങളിലെ കൊന്നപ്പൂവും കണിവെള്ളരിയുമെക്കെയാണ്. ലോക്ക് ഡൗണിൽ ആരെത്തിക്കാനാണ് ഇതൊക്കെ. കഴിഞ്ഞ വർഷം കടകളിൽ പ്ളാസ്റ്റിക് കണിക്കൊന്നപ്പൂവ് അവതരിച്ചിരുന്നു! ഇത്തവണ ഡ്യൂപ്ലിക്കേറ്റും കണികാണാൻ കിട്ടില്ല.

ഓണം കഴിഞ്ഞാൽ മലയാളികളുടെ വിശേഷപ്പെട്ട ആഘോഷമാണ് വിഷു. നല്ല നാളേക്ക് കണികണ്ടുണരുന്ന ദിനം. പുത്തനുടുപ്പില്ലാതെ,​ കൈനീട്ടം തരാൻ കാരണവന്മാരുടെ വരവില്ലാതെ ഇത്തവണത്തെ വിഷു കൊഴിഞ്ഞു പോകും. വിഷു വിപണിയിൽ പ്രതീക്ഷയർപ്പിച്ച് പണം മുടക്കിയവർക്കും ഇക്കുറി കണ്ണീരാണ്.

തുണിക്കടകൾ അടച്ചതിനാൽ വിഷുക്കോടി ഇല്ല. വൈവിദ്ധ്യമാർന്ന വസ്ത്ര ശേഖരവുമായി ഓഫർ പ്രഖ്യാപിച്ച് മത്സരം പൊടിപൊടിക്കേണ്ട സമയമാണിത്. വിഷുക്കാലത്ത് മനോഹരമായ കൃഷ്ണ പ്രതിമകൾ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ തൊഴിലാളികൾക്കും കണ്ണീരിന്റെ കണിയാണ്. കണിവെള്ളരി കൃഷി ചെയ്ത കർഷകരുടെ അദ്ധ്വാനവും വെറുതെയാകും. ആർക്കും പുത്തൻകലങ്ങൾ വാങ്ങാൻ കഴിയില്ല,​ പടക്കങ്ങൾ പൊട്ടിക്കാനാവില്ല.

ഇക്കുറി വീടുകൾ ക്ഷേത്രങ്ങളാക്കാം. ഉള്ളതുകൊണ്ട് കണിയൊരുക്കാം.​ കണ്ണടച്ച് ഉള്ളിലെ ശ്രീകോവിലിലേക്ക് നോക്കാം. അവിടെ കുടികൊള്ളുന്ന ഭഗവാനെ കാണാം. മനസുകൊണ്ട് കണിപ്പൂക്കൾ അർപ്പിക്കാം. നല്ല നാളേക്കു വേണ്ടി പ്രാർത്ഥിക്കാം. ഈ വിഷുവിനെ എല്ലാ വിശുദ്ധിയോടെയും ഓർമ്മകളിലേക്ക് യാത്രയാക്കാം....