chicken-rate

വർക്കല: ലോക്ക് ഡൗണിന്റെ മറവിൽ വർക്കല താലൂക്കിലെ ഇറച്ചിക്കോഴി കടകളിൽ തോന്നുംപടി വില ഈടാക്കുന്നതായി വ്യാപക പരാതി. പലകടകളിലും ഏകീകൃത വില പ്രദർശിപ്പിക്കാതെ തന്നിഷ്ടപ്രകാരം വില ഈടാക്കുന്നത് പതിവായിട്ടുണ്ട്. താലൂക്കിലെ ഒറ്റപ്പെട്ട ചില ചന്തകളുടെ പരിസര പ്രദേശങ്ങളിൽ വില്പന നടത്തുന്ന മീനുകൾക്ക് വില കൂടിയതോടെയാണ് കോഴിയിറച്ചിക്ക് ആവശ്യക്കാരേറിയത്. പല സ്ഥലത്തും അഴുകിയതും പുഴുവരിച്ചതുമായ മത്സ്യം ടൺകണക്കിന് പിടിച്ചെടുത്ത് നശിപ്പിച്ചതും ഇറച്ചിക്കോഴി വില്പനക്കാർക്ക് ചാകരയായി. ഇറച്ചിക്കടകളിൽ ഇപ്പോൾ ഉച്ച കഴിഞ്ഞാലും എറെ തിരക്കാണ് അനുഭവപ്പെടുന്നത്. ഫാമുകളിൽ നിന്ന് എത്തിക്കുന്ന കോഴികൾക്ക് അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. വില ഏകീകരണം വേണമെന്നും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നുമുള്ള നിർദ്ദേശം കാറ്റിൽ പറത്തിയാണ് പലരും ഇറച്ചിക്കോഴി വില്പന പൊടിപൊടിക്കുന്നത്. തമിഴ്നാട് ഉൾപ്പെടെയുളള സ്ഥലങ്ങളിൽനിന്നും കൊണ്ടുവരുന്ന ചത്ത കോഴികൾ വരെ പകുതി വിലയ്ക്ക് വാങ്ങി കച്ചവടക്കാർക്ക് നൽകുന്നവരും ഇടനിലക്കാരായി പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. അമിത വില

ഈടാക്കുന്നവർക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നതാണ് ഉപഭോക്താക്കളുടെ ആവശ്യം.

വില കുതിക്കുന്നു

രണ്ടാഴ്ച മുൻപ് പ്രദേശത്ത് ഒരു കിലോ കോഴി ഇറച്ചിക്ക് 80 രൂപയായിരുന്നു വില. തൊട്ടടുത്താഴ്ച 120 രൂപയായി. പിന്നീട് 150, 170, 190 എന്ന നിരക്കിൽ വർദ്ധിച്ച് ഇപ്പോൾ ഒട്ടുമിക്ക കടകളിലും 200 രൂപ വരെയെത്തിയതായി ഉപഭോക്താക്കൾ പറയുന്നു.

മീനിന് ഡിമാൻഡില്ല

വിഷം കലർത്തിയ മീൻ വില്പന താലൂക്കിൽ വ്യാപകമാവുകയും ടൺ കണക്കിനു മീനുകൾ നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗുണനിലവാരം ഉളള മീൻ പോലും വാങ്ങാൻ മടിക്കുകയാണ് പൊതുസമൂഹം. ഒട്ടുമിക്ക മീനുകൾക്കും തരാതരം പോലെയാണ് വില ഈടാക്കുന്നത്. വിശ്വസിച്ച് മീൻ വാങ്ങാൻ കഴിയാതെയാവുകയും നല്ല മീനുകൾക്ക് അമിതവിലയായതോടും കൂടി കോഴിക്കടയെ ആശ്രയിച്ച ജനങ്ങൾക്ക് ഇപ്പോൾ ഇവ രണ്ടും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്.