modi

ന്യൂഡൽഹി: ആ യുവതി ട്വിറ്ററിൽ കുറിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി സർ എനിക്ക് ഓട്ടിസവും കടുത്ത ഭക്ഷണ അലർജിയും ബാധിച്ച മൂന്നര വയസുള്ള ഒരു കുട്ടിയുണ്ട്. അവൻ ഒട്ടകപ്പാലും പരിമിതമായ പയറുവർഗ്ഗങ്ങളും കഴിച്ചാണ് ജീവിക്കുന്നത്. ആട്, പശു, എരുമ പാൽ എന്നിവയുടെ പാൽ കഴിച്ചാൽ അലർജിയുണ്ടാവും. അതുകൊണ്ട് ഒട്ടകപ്പാലാണ് കുടിക്കുന്നത്. ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ എന്റെ പക്കൽ ഇത്രയും ദിവസത്തേക്ക് ആവശ്യമായ ഒട്ടകപ്പാൽ ഇല്ലായിരുന്നു. രാജസ്ഥാനിലെ സാദ്രിയിൽ നിന്ന് ഒട്ടകപ്പാലും അതിന്റെ പൊടിയും ലഭിക്കുന്നതിന് എന്നെ സഹായിക്കൂ..' യുവതി ചെയ്ത ട്വീറ്റ് ഉണർന്നിരുന്ന ഇന്ത്യ ഉണർന്നു കണ്ടു. ഒരു ട്രെയിൻ ഇന്നലെ രാത്രി ഒട്ടകപ്പാലുമായി മുംബയിൽ പാഞ്ഞെത്തി. അതിൽ 20 ലിറ്റർ ഒട്ടകപ്പാൽ.

രാജസ്ഥാനിൽ നിന്നും ഒട്ടകപ്പാൽ മുംബയിലെ ഒരു കുടുംബത്തിൽ എത്തിച്ച് കാരുണ്യത്തിന്റെ മാതൃക തീർത്തത് ഇന്ത്യൻ റെയിൽവേ. ഒരാഴ്ചയ്ക്കുള്ളിൽ ഒട്ടകപ്പാൽ യുവതിക്കും ആവശ്യമുള്ള മറ്റൊരാൾക്കും ഇന്ത്യൻ റെയിൽവേ വിതരണം ചെയ്തുവെന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അരുൺ ബോത്ര ട്വീറ്റ് ചെയ്തു.

ആ കുടുംബം നഗരത്തിലെ മറ്റൊരു നിർദ്ധന കുടുംബവുമായി പാൽ ദയാപൂർവ്വം പങ്കുവച്ചതായും അരുൺ ബോത്ര പറഞ്ഞു. പാൽ പാത്രം എടുക്കുന്നതിന് ഷെഡ്യൂളിന് പുറത്ത് സ്റ്റോപ് അനുവദിച്ച നോർത്ത്‌വെസ്റ്റ് ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ തരുൺ ജെയിനിന് നന്ദിയും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായ ലോക്ക്ഡൗൺ കാലത്ത് ചരക്കുനീക്കത്തിന് ഇന്ത്യൻ റെയിൽവേ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റെയിൽവേയുടെ ചരക്ക് ഗതാഗത സേവനം പൂർണമായും പ്രവർത്തന സജ്ജമാണ്.