കിളിമാനൂർ: കൊവിഡ് 19ഉം ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിക്കിടെ എത്തുന്ന ഇത്തവണത്തെ വിഷു ദിനം മലയാളിക്ക് അതിജീവനത്തിന്റെ ഒരു മാർഗം കൂടിയാണ്. ലോകമാകെ മഹാമാരി പടർന്നു പിടിക്കുമ്പോൾ, പ്രതീക്ഷകളുടെ കണിയൊരുക്കിയെത്തുന്ന വിഷുദിനത്തെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് വരവേൽക്കാനൊരുങ്ങുകയാണ് കേരളീയർ. ഈ പ്രതിസന്ധി അതിജീവിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് വിഷുക്കണിയും സദ്യയുമൊരുക്കാൻ എല്ലാവരും ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള വിഷു കാലത്തേക്കാൾ ഏറെ വ്യത്യസ്തമാണ് ഇത്തവണത്തേത്. വിഷുക്കിറ്റുകൾ റോഡരികിൽ നിന്ന് വാങ്ങി വിഷു ആഘോഷമല്ല ഇപ്പോഴത്തേത്. ലോക്ക് ഡൗൺ കാലത്തു കൃഷിയിലേക്ക് തിരിഞ്ഞ മലയാളിക്ക് ഞാറ്റുവേല കലണ്ടർ പ്രകാരം കൃഷി തുടങ്ങാൻ വിളവെടുപ്പിന്റെ കാർഷികോത്സവം കൂടിയായ വിഷു കാലം അനുയോജ്യമാണ്.
ഇത്തവണത്തെ പ്രധാന പ്രത്യേകത തന്നെ 'വിഷു" എന്ന വാക്കിന്റെ അർത്ഥമായ "തുല്യത" എല്ലാവർക്കും മനസിലായി എന്നതാണ്. എല്ലാ കാര്യത്തിലും ജനങ്ങൾ ഒന്നടക്കം തുല്യതയിലായി.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ കുടക്കീഴിൽ ഒത്തൊരുമയോടെ വിഷു ആഘോഷിക്കുകയാണ്. സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ എല്ലാതരം ആർഭടങ്ങളും ഒഴിവാക്കി സകുടുംബം സന്തോഷത്തോടെ വീട്ടിൽ വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാവരും. എല്ലാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തോടെ...
ലോക്ക് ഡൗൺ കാല വിഷു
ചെലവ് ചുരുക്കി, കുടുംബാഗങ്ങളോടൊപ്പം, പ്രകൃതിയോട് ചേർന്ന് എങ്ങനെ വിഷു വ്യത്യസ്തമായി ആഘോഷിക്കാം എന്ന ആലോചനയിലാണ് ആളുകൾ.
വിഷുവിന് വിളവെടുക്കാൻ വേണ്ടി തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പച്ചക്കറി വിത്തുകൾ കൃഷി ചെയ്തവർ ആ വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ച് കണിയൊരുക്കും.
ജീവിത തിരക്കുകൾക്കിടയിൽ ഇൻസ്റ്റന്റ് വിഷു ആഘോഷിച്ചിരുന്നവർ ഇത്തവണ പറമ്പുകളിൽ ഒാടി നടന്ന് കാർഷികോത്പന്നങ്ങൾ ശേഖരിക്കുന്നു.
കുറച്ചു വർഷങ്ങളായി മാസങ്ങൾക്ക് മുൻപേ പൂക്കുന്ന കണിക്കൊന്ന ഇപ്രാവശ്യം കൃത്യസമയത്ത് തന്നെ പൂത്തു.
ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച കാർഷിക സംസ്കാരം തുടർന്നാൽ അടുത്ത വിഷു നമുക്ക് കാർഷിക സമൃദ്ധി നിറഞ്ഞതാകും.