വെമ്പായം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വില കല്പിക്കാതെ വെമ്പായം ജംഗ്ഷനിൽ ആളുകളുടെ തിരക്ക് കൂടുന്നു. കച്ചവട സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ജംഗ്ഷനിലെത്തുന്നത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ മതിയായ പൊലീസ് സംവിധാനം ഇവിടെയില്ല. എം.സി റോഡിലും, വെമ്പായം - നെടുമങ്ങാട് റോഡിലും പരിശോധനക്കായി പലപ്പോഴും രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടാകാറുള്ളത്. പച്ചക്കറി- പലവ്യഞ്ജന സാധനങ്ങളും, ഫ്രൂട്ട്സും വാങ്ങുന്നതിനാണ് ആളുകൾ കൂടുതലായും എത്തുന്നതെങ്കിലും ജംഗ്ഷനിലെത്തുന്നവരിൽ പലരും ആവശ്യങ്ങൾ കഴിഞ്ഞാൽ പോലും വളരെ വൈകിയാണ് ഇവിടെ നിന്നും പോകുന്നത്. യാതൊരുവിധ നിയന്ത്രണങ്ങളും ഇവിടെ നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അവശ്യ സാധങ്ങൾ വിൽക്കാത്ത കടകളും തുറന്നിരിക്കുകയാണ്. വെമ്പായം ജംഗ്ഷനോട് ചേർന്നുള്ള അനധികൃത മത്സ്യ വിൽപന കേന്ദ്രത്തിലും ആളുകൾ കൂട്ടം കൂടുകയാണ്. ഉച്ചവരെ ഇവിടെ മീൻ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോഴുള്ള സംവിധാനങ്ങൾ പര്യാപ്തമല്ല. ആവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് പൊലീസുകാർ കാര്യങ്ങൾ തിരക്കുന്നുണ്ട്. എന്നാൽ അനാവശ്യമായി ജംഗ്ഷനിലെത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസുദ്യോഗസ്ഥർ തയ്യാറാകണമെന്നതാണ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.