photo

നെടുമങ്ങാട്/വിതുര: കതിർ മണ്ഡപത്തിൽ വരണമാല്യം ചാർത്തേണ്ട മുഹൂർത്തത്തിൽ ആശുപത്രി ഒ.പിയിലെ തിരക്കിലായിരുന്നു ഡോ.ആര്യ. പ്രതിശ്രുത വരനായ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് തലസ്ഥാന നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലും. അതിനിടെ പ്രസാദിന്റെ ഫോണിൽ നിന്ന് ഡോക്ടറുടെ ഫോണിലേക്ക് ഒരു വീഡിയോ കോൾ. ''നമ്മുടെ തീരുമാനമാണ് ശരി''- പ്രസാദ് പറഞ്ഞു. ''അതെ, അതുമാത്രമാണ് ശരി''ആര്യ പ്രതികരിച്ചു. ഏതാനും നിമിഷത്തെ സ്വകാര്യ സംഭാഷണം.വീണ്ടും ജോലിത്തിരക്കിലേക്ക്.

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിതുര തോട്ടുമുക്ക്‌ പടിപ്പോട്ടുപാറ തടത്തരികത്ത്‌ ശ്രീരാഗത്തിൽ എം.പ്രസാദും (32) കന്യാകുളങ്ങര ഗവൺമെന്റ് കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ പോത്തൻകോട് കാട്ടായിക്കോണം മേലേവിള മൈത്രിയിൽ പി.ആര്യയും (25) തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിന് പോത്തൻകോട് എം.ടി ഹാളിൽ നടക്കേണ്ടതായിരുന്നു.

എല്ലാ ഒരുക്കങ്ങളും നടത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ 50 പേരിലൊതുക്കി വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടത്താൻ വീട്ടുകാർ തീരുമാനിച്ചു. പക്ഷേ, അവധിയെടുത്ത് വിവാഹത്തിനില്ലെന്ന് ആര്യ. പൊലീസിന് പിടിപ്പത് ജോലിയുള്ളപ്പോൾ മാറിനിൽക്കാനാവില്ലെന്ന് പ്രസാദ്. ഒടുവിൽ യുവതലമുറയുടെ തീരുമാനത്തിന് ഇരുവീട്ടുകാരും വഴങ്ങി.

വാഹന പരിശോധനയും നിരാലംബർക്ക് ഭക്ഷണ വിതരണവുമായി പ്രസാദ് തിരക്കിലാണ്. പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഒ.പിയിൽ രോഗികളെ പരിശോധിച്ചും പരിചരിച്ചും ഡോ.ആര്യയും കൊവിഡിനെതിരെ പോരാടുകയാണ്.
`പ്രസാദിന്റെ അച്ഛൻ കെ.മോഹനൻ ആശാരി വിതുരയിൽ അറിയപ്പെടുന്ന തച്ചനാണ്. അമ്മ ഇന്ദിര. മൂത്ത സഹോദരൻ പട്ടാളത്തിലാണ്. രണ്ടാമത്തെ സഹോദരൻ ഡ്രൈവർ. മോഹനൻ ആശാരിയുടെ ബന്ധുവാണ് ആര്യയുടെ അമ്മ പ്രഭ. അതുവഴിയാണ് വിവാഹാലോചന വന്നത്. അച്ഛൻ പി. ഭുവനേന്ദ്രൻ ആശാരി കെ.എസ്.ആർ.ടി.സിയിലെ റിട്ട. മെക്കാനിക്. ആര്യ ഏക മകളാണ്.

''സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരല്ലോ.എടുത്ത തീരുമാനത്തിന്റെ അനിവാര്യത ഇപ്പോൾ കൂടുതൽ ബോദ്ധ്യമായി

'-പ്രസാദ്

''നമ്മളൊക്കെ സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരല്ലേ.സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കു വരുന്നതും സാധാരണക്കാർ. ഈ ഘട്ടത്തിൽ അതിൽനിന്ന് ഒഴിഞ്ഞുനില്ക്കാൻ പാടില്ല

'-ഡോ.ആര്യ

കലോത്സവത്തിലും തിളങ്ങി
സംസ്ഥാന,ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ പലവട്ടം മികവ് തെളിയിച്ച പ്രതിഭയാണ് ആര്യ. കവിത, ഉപന്യാസ രചന, പദ്യപാരായണം ലളിതഗാനം എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.കൊല്ലം ട്രാവൻകൂർ മെഡി സിറ്റിയിലായിരുന്നു എം.ബി.ബി.എസ് പഠനം. കഴിഞ്ഞ മേയിൽ എൻ. ആർ. എച്ച്. എം. സ്കീം പ്രകാരം കന്യാകുളങ്ങര ഗവണ്മെന്റ് ആശുപത്രിയിൽ നിയമിതയായി.