വിതുര : ഭൂമിയില്ലാത്ത സ്ത്രീയുടെ ശവസംസ്കാരത്തിന് സ്വന്തം പുരയിടം വിട്ടുനൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തേവിയോട് ഇടത്തറ വയലരികത്തു വീട്ടിൽ പരേതനായ ബാബുവിന്റെ ഭാര്യ സാറാമ്മയുടെ മൃതദേഹം അടക്കംചെയ്യാൻ വിതുര പഞ്ചായത്ത് മെമ്പറും കളീക്കൽ ജനനി ആർട്സ് ആൻഡ് സ്പോർട്സ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി.ഡി. ഷിബു രാജാണ് സ്വന്തം പുരയിടം വിട്ടുനൽകിയത്. കഴിഞ്ഞ ദിവസം മരിച്ച സാറാമ്മയ്ക്ക് മൂന്നുസെന്റ് പുരയിടമാണുള്ളത്. വീട് കഴിഞ്ഞാൽപ്പിന്നെ മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ല. വീടിനോട് ചേർന്ന് പണയാണ്. വെള്ളക്കെട്ടുണ്ട്. കുഴിയെടുക്കാനാവില്ല. പെന്തകോസ്ത് വിഭാഗക്കാരായതിനാൽ വൈദ്യുതി ശ്മശാനത്തിലും കൊണ്ടു പോകാൻ സാധിക്കില്ല. ബന്ധുക്കളോട് സംസാരിച്ചെങ്കിലും ആരും മൃതദേഹം മറവു ചെയ്യാനുള്ള പുരയിടം വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്നാണ് ജി. ഡി. ഷിബു രാജ് പ്രശ്നത്തിൽ ബന്ധപ്പെട്ടതും സ്വന്തം പുരയിടം വിട്ടു കൊടുത്തതും. കുഞ്ഞുമോൻ അമ്പിളി എന്നിവരാണ് സാറാമ്മയുടെ മക്കൾ. മരുമക്കൾ: ഷിബു, ഷീജ.