rapid-testing

ചെന്നൈ: ചൈനയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് നാല് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി തിരിച്ച കപ്പല്‍ അമേരിക്കയിലേക്ക് വഴി മാറ്റി വിട്ടതായി വിവരം. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ തമിഴ്‌നാട്ടിലെത്തുമെന്ന് മന്ത്രിമാര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എന്നാൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് വഴി മാറ്റിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം അറിയിച്ചു. കിറ്റുകള്‍ ഇന്നലെ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ എത്താതായതോടെ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിലാണ് കിറ്റുകള്‍ അമേരിക്കയിലേക്ക് വഴി മാറ്റി അയച്ചതായി വ്യക്തമായത്.

ചില ചൈനീസ് കമ്പനികള്‍ മാത്രമാണ് ഇത്തരം കിറ്റ് നിര്‍മിക്കുന്നത്. വലിയ ആവശ്യകതയാണ് കിറ്റുകള്‍ക്കുള്ളത്. അടുത്ത കപ്പല്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് സർക്കാർ‌ പ്രതീക്ഷ. നിലവില്‍ 15000 പി.സി.ആര്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ മാത്രമേ പരിശോധനക്കായി കൈയിലുള്ളൂവെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

50000 പി.സി.ആര്‍ കിറ്റുകള്‍ ഉടന്‍ നല്‍കുമെന്നും ചൈനയില്‍ നിന്ന് എത്തിയാല്‍ 50000 കിറ്റുകള്‍ കൂടി തമിഴ്‌നാടിന് നല്‍കുമെന്നും കേന്ദ്രം വാക്കുനല്‍കിയതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ആയിരത്തോടടുക്കുകയാണ്. ഇന്നും കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചിരുന്നു.