തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവർ ഇന്നലെ ഈസ്റ്റർ ആഘോഷിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ പ്രാർത്ഥനാമുഖരിതമായ തിരക്കോ വർണാഭമായ ആഘോഷങ്ങളോ ഇല്ലാതെയായിരുന്നു ഇത്തവണത്തെ ഉയിർപ്പ് ആഘോഷം.പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ലതിനാൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ദേവാലയങ്ങളിൽ തിരുകർമങ്ങൾ നടന്നത്.
ഏറ്റവുമധികം ആളുകൾ പള്ളിയിലെത്തുന്ന ദിവസങ്ങളിലൊന്നായ ഉയിർപ്പ് തിരുനാളിന് പുരോഹിതരടക്കം അഞ്ച് പേരിൽ താഴെയാളുകളാണ് പള്ളിയിലുണ്ടായിരുന്നത്. പാതിരാ കുർബാനയ്ക്കായി പള്ളിയിൽ എത്തുന്നവരുണ്ടാക്കുന്ന ഗതാഗതക്കുരുക്കും ഇത്തവണയുണ്ടായില്ല. പള്ളികൾ ദീപാലംകൃതമായില്ല. ഈസ്റ്റർ മുട്ട വിതരണവും കരിമരുന്ന് പ്രകടനങ്ങളും നടന്നില്ല. പ്രാർത്ഥനകൾ വീട്ടിലിരുന്ന് ഓൺലൈനായി കാണുന്നതിന് സഭാ നേതൃത്വങ്ങൾ സൗകര്യമൊരുക്കിയിരുന്നു.
വിശുദ്ധവാരാചരണത്തിനായി വിശ്വാസസമൂഹം 50 ദിവസം നോറ്റ നോമ്പിനും ഇന്നലെ പരിസമാപ്തിയായി. എറണാകുളം സെന്റ്. മേരീസ് ബസിലിക്ക പള്ളിയിൽ നടന്ന ഈസ്റ്റർ പ്രാർത്ഥനകൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഉയിര്‍പ്പ് കര്‍മങ്ങള്‍ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യവും പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് കര്‍ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു .