azhoorvridha

മുടപുരം: അഴൂർ കാറ്റാടിമുക്കിൽ വർഷങ്ങളായി കടത്തിണ്ണയിൽ അന്തിയുറങ്ങിവന്ന വയോധികയെ നാട്ടുകാർ വൃദ്ധസദനത്തിലാക്കി.കഴിഞ്ഞ ദിവസം അവർക്ക് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ചിറയിൻകീഴ് പൊലീസിന്റെ സഹായത്തോടെ 108 ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ശരീരത്തിലെ മാലിന്യം കാരണം അതേ ആംബുലൻസിൽ തിരിച്ചയക്കുകയായിരുന്നു .ഇതറിഞ്ഞ പരിസരവാസികൾ സരസ്വതി (75)യെ കുളിപ്പിച്ച് പുതിയ വസ്ത്രമണിയിച്ച് അഴൂർ വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ കൊണ്ടുചെന്നു. എന്നാൽ, കൊവിഡ് കാലത്ത് ആരെയും പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.അതോടെ, പഞ്ചായത്ത് മെമ്പർ അഴൂർ വിജയൻ ചിറയിൻകീഴ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു. അദ്ദേഹം അഴൂർ വൃദ്ധസദനം നടത്തുന്ന പൂജപ്പുര മഹിളാ മന്ദിരം സെക്രട്ടറിയെ വിളിച്ചതോടെ വൃദ്ധയെ അന്തേവാസിയായി പ്രവേശിപ്പിക്കുകയായിരുന്നു . അഴൂർ വിജയൻ,അങ്കണവാടി വർക്കർ വത്സല,ഹെൽപ്പർ വൃന്ദ,ആശാ വർക്കർ ശ്രീകല എന്നിവർ നേതൃത്വം നൽകി.