തിരുവനന്തപുരം: ലോക്ക് ഡൗൺ ദിനങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന ശ്രീലതയുടെ ചിന്തകൾ അവസാനിച്ചത് റോഡ് വക്കുകളിൽ കിടന്നിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളിലാണ്
ആ കുപ്പികളൊക്കെ മനോഹരമായ 'ബോട്ടിൽ ആർട്ടുകൾ ' കൊണ്ട് ഇന്ന് ശ്രീലതയുടെ വട്ടിയൂർക്കാവിലെ മൂന്നാംമൂടുള്ള ശ്രീലകം വീടിനെ അലങ്കരിക്കുകയാണ്. വൈവിദ്ധ്യമാർന്ന ചിത്രങ്ങളാണ് ഈ കലാകാരിയുടെ കരവിരുതിൽ ഓരോ കുപ്പികളിലും നിറയുന്നത്. അക്രിലിക് പെയിന്റും ഫെവിക്കോളും ബ്രഷും മറ്റ് വർണവസ്തുക്കളും ഒക്കെ ഉപയോഗിച്ച് സാധാരണ ഒരു കുപ്പിയിൽ ആർട്ട് വർക്ക് ചെയ്യുന്നതാണ് ബോട്ടിൽ ആർട്ട്.
തൃക്കണ്ണാപുരം ആറാമട എൽ.പി സ‌്‌കൂളിലെ അദ്ധ്യാപികയായ ശ്രീലതയ്ക്ക് കുട്ടിക്കാലം മുതലേ ചിത്രരചനയിൽ കമ്പമുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഴയ കലാവൈഭവം പൊടി തട്ടിയെടുക്കുകയായിരുന്നു. വീടിന് സമീപത്തെ റോഡുവക്കിൽ വലിച്ചെറിയപ്പെട്ട കുപ്പികൾ ശേഖരിച്ചാണ് തുടക്കം. ആവശ്യമായ പെയിന്റും മറ്റു വസ്തുക്കളുമൊക്കെ വീട്ടിൽ നേരത്തേ വാങ്ങി വച്ചിരുന്നു.
അക്രിലിക്ക് പെയിന്റും കോഫി പൗഡറുമാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്. പ്രത്യേകതരം ക്ളേ ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാക്കിയ ശേഷം കുപ്പിയിൽ ഒട്ടിച്ചെടുക്കും. അതിൽ പിന്നീട് അക്രലിക്ക് പെയിന്റും വാർണിഷും അടിക്കും. ചിരട്ട, പൊട്ടിയ മാലയുടെ മുത്ത് തുടങ്ങിയവയും ഒട്ടിച്ചെടുക്കും. മൺപാത്രത്തിലും ആർട്ട് ചെയ്യാനാകുമെന്ന് ശ്രീലത പറയുന്നു.
സമ്മാനിക്കാം
പിറന്നാൾ പോലുള്ള ആഘോഷവേളയിൽ സമ്മാനമായും ഇത് കൊടുക്കാം. ആവശ്യമെങ്കിൽ വ്യക്തികളുടെ ഫോട്ടോയും കുപ്പികളിൽ പതിച്ചുനൽകും. ഇവയുടെ ചിത്രങ്ങൾ Bottoms up Bottle Craft എന്ന ഫേസ്ബുക്ക് പേജിൽ ശ്രീലത പോസ്‌റ്റ് ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് വാങ്ങാനാവും. ലോക്ക് ഡൗണിന് ശേഷം ഇവ ആവശ്യക്കാർക്ക് അയച്ചുകൊടുക്കാനാണ് പ്ളാൻ. ശ്രീലതയുടെ മകൾ ദേവി മീനാക്ഷി സേലത്ത് എം.ബി.ബി.എസ് നാലാം വർഷ വിദ്യാർത്ഥിയാണ്.
ബോട്ടിൽ ആർട്ട്
വളരെ ലളിതവും എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയുന്ന കലയാണ് 'ബോട്ടിൽ ആർട്ട്'.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പലരും തങ്ങളുടെ ബോട്ടിൽ ആർട്ടുകളെ പരിചയപ്പെടുത്തുന്നത്.
ആർട്ട് വർക്ക് ചെയ്ത ഒരു കുപ്പിക്ക് 200 രൂപ മുതൽ 1,000 രൂപ വരെയാണ് നിരക്ക്.