തിരുവനന്തപുരം :വിഷുക്കണി ദർശത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളിൽ ഇന്ന് നടക്കും. ലോക്ക് ഡൗണായതിനാൽ വിഷുദിനമായ നാളെയും ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. ആഘോഷമില്ല.
ചടങ്ങുകൾ മാത്രം .
ഗുരുവായൂരിൽ
ഇത്തവണ വിഷുവിളക്കില്ല. വിഷു ദിവസം പുലർച്ചെ 2 .30 മുതൽ അരമണിക്കൂർ സമയം വിഷുക്കണി ദർശനം . തലേനാൾ തയ്യാറാക്കിയ കണിയിൽ നെയ് വിളക്ക് തെളിച്ച് മേൽശാന്തി സുമേഷ് നമ്പൂതിരി ആദ്യം ഭഗവാനെ കണികാണിക്കും. ക്ഷേത്രം ജീവനക്കാർ , ദേവസ്വം ഭരണസമിതിഅംഗങ്ങൾ എന്നിവർ മാത്രമാവും കണി ദർശനത്തിനുണ്ടാവുക .ഉച്ചയ്ക്കുള്ള വിഷു നമസ്‌കാരവും ചടങ്ങ് മാത്രം.. ഭക്തർക്കായുള്ള വിഷു സദ്യയും ഒഴിവാക്കി
ശബരിമലയിൽ
പുലർച്ചെ 5 ന് നട തുറക്കും. തുടർന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കും.. . ശേഷം പതിവ് അഭിഷേകവും മണ്ഡപത്തിൽ ഗണപതിഹോമവും. രാവിലെ 10ന് നട അടയ്ക്കും.വൈകിട്ട് 5ന് വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജ.. 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
പദ്മനാഭസ്വാമി
ക്ഷേത്രത്തിൽ
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നടയിലും തിരുവമ്പാടി ക്ഷേത്ര നടയിലും പ്രധാന വിഷുക്കണി ഒരുക്കും. പുലർച്ചെ മൂന്നിനാണ് കണിദർശനം. ശേഷം പതിവുപൂജകൾ. ശ്രീപദ്മനാഭസ്വാമിക്ക് വിഷുകണി സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ കൂടി ദർശനത്തിനു വയ്ക്കും. ഇന്ന് വൈകിട്ടോടെ ഉടവാൾ കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിക്കും.