തിരുവനന്തപുരം :ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 19 ദിവസമായി കേരളമൊന്നാകെ നടത്തുന്ന അതീജീവന പോരാട്ടിന് ആത്മവിശ്വാസം പകർന്ന്, ഇന്നലെ 36 പേരാണ് കൊവിഡ് രോഗമുക്തരായത്. ഇതാദ്യമായാണ് ഇത്രധികം പേർ ഒരു ദിവസം രോഗമുക്തി നേടുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.കാസർകോട്ട് 28 പേരുടേയും , മലപ്പുറത്ത് ആറു പേരുടേയും കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇന്നലെ കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള രണ്ട് പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കണ്ണൂരിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും വന്നതാണ്.
മുഖ്യമന്ത്രി വ്യക്തമാക്കിയതു പോലെ, ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിച്ചതിന്റെ ഫലമാണ് ഇത്തരമൊരു ആശ്വാസം.വരും ദിവസങ്ങളിൽ അതിർത്തി കടന്ന് കൂടുതൽ ആളുകൾ എത്തുമ്പോഴുള്ള സ്ഥിതി നേരിടുന്നതാണ് ഇനിയുള്ള വെല്ലുവിളി. ചിട്ടയായ പ്രവർത്തനങ്ങൾ തുടർന്നാൽ വരും ദിവസങ്ങളിൽ ഏത് സാഹചര്യവും തരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം പകരുന്നതായി ഈസ്റ്റർ ദിനം.
നിലവിലെ സ്ഥിതി
നിരീക്ഷണത്തിൽ - 1,16,941 പേർ
വീടുകളിൽ - 1,16,125
ആശുപത്രികളിൽ - 816
ഇന്നലെ - 176
പരിശോധനയ്ക്ക്
അയച്ച സാമ്പിളുകൾ - 14,989
ലഭ്യമായതിൽ
നെഗറ്റീവായത് - 13,802