തിരുവനന്തപുരം: അമ്പത് ദിവസത്തെ നോമ്പിൽ സ്‌ഫുടം ചെയ്‌തെടുത്ത പ്രാർത്ഥനകളോടെ ക്രൈസ്‌തവർ ഇന്നലെ ഈസ്റ്റർ ആഘോഷിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷയുടെ സന്ദേശം പകർന്നായിരുന്നു ഉയിർപ്പ് തിരുനാൾ ആചരിച്ചത്. തിങ്ങി നിറഞ്ഞ തെരുവ് വീഥികളും ദീപാലങ്കാരങ്ങളും ദേവാലയങ്ങളിലെ തിരക്കുകളുമില്ലാതെ ആദ്യമായാണ് വീടുകളിലിരുന്ന് ക്രൈസ്‌തവർ ഈസ്റ്റർ ആഘോഷിച്ചത്. വിവിധ പള്ളികളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ വീടുകളിലിരുന്ന് വിശ്വാസികൾ പങ്കെടുത്തു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ശനിയാഴ്ച രാത്രി 11ന് ആരംഭിച്ച ഉയിർപ്പ് തിരുകർമ്മങ്ങള്‍ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യ കാർമ്മികത്വം വഹിച്ചു. മോൺ. നിക്കോളാസ് ടി, ഫാ. ഡാനിയേൽ, ഫാ. ഷൈനീസ് ബോസ്കോ എന്നിവർ സഹകാർമ്മികരായി. പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും പി.എം.ജി ലൂർദ്ദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മാർ തോമസ് തറയിലും നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ ഫാ. ജോസഫ് ബാസ്റ്റിൻ മുഖ്യകാർമ്മികനായി. കേശവദാസപുരം മാർ ഗീവർഗീസ് സഹദ സീറോ മലബാർ ദേവാലയം, പാളയം സമാധാനരാജ്ഞി ബസിലിക്ക, പാളയം സി.എസ്.ഐ കത്തീഡ്രൽ, പുന്നൻറോഡ് സെന്റ്. പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ്. ഗ്രിഗോറിയോസ് ഓ‌ർത്തഡോക്‌സ് വലിയപള്ളി, പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓ‌ർത്തഡോക്‌സ് സിംഹാസന ദേവാലയം, നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ദേവാലയം തുടങ്ങിയ ദേവാലയങ്ങളിലെല്ലാം നിയന്ത്രണങ്ങളോടെ ഉയിർപ്പ് തിരുകർമ്മങ്ങൾ നടന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മത്സ്യ, മാംസ മാർക്കറ്റുകളിലും പച്ചക്കറിക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇറച്ചിക്കടകൾക്ക് മുമ്പിൽ സാമൂഹിക അകലം പാലിച്ച് ആവശ്യക്കാർ കാത്തുനിന്നു. ടോക്കൺ അനുസരിച്ചാണ് വില്പന നടന്നത്. മിക്ക ചിക്കൻ കടകളിലും മുൻ ദിവസങ്ങളേക്കാൾ 10 മുതൽ 20 രൂപ വരെ വില കൂട്ടിയായിരുന്നു വില്പന.