പാറശാല: രോഗികളെ കൊണ്ടുപോകാനെന്ന വ്യാജേന അനധികൃതമായി ആളുകളെ കടത്തിയിരുന്ന ആംബുലൻസ് അമരവിള ചെക്ക് പോസ്റ്റിൽ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി തിരുവനന്തപുരം പട്ടത്ത് നിന്ന് അഞ്ച് യാത്രക്കാരുമായി എത്തിയ ആംബുലൻസ് അമരവിള ചെക്ക്പോസ്റ്റിൽ പൊലീസ് തടയുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജയാത്രയുടെ വിവരങ്ങൾ പുറത്തായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ആളൊന്നിന് 1000 രൂപ നിരക്കിൽ യാത്രക്കാരെ കടത്തുന്നത് പതിവാണെന്ന പരാതി ഉയർന്നിരുന്നു.
യാത്രക്കാരെ കടത്തിയതിന് പരശുവയ്ക്കൽ സ്വദേശിയായ ഡ്രൈവർ വിജീഷിനെതിരെയും അധികൃതരെ കബളിപ്പിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച തമിഴ്നട് കൽക്കുളം സ്വദേശികളായ യാത്രക്കാർക്കെതിരെയും പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ആംബുലൻസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടു.