kovalam

കോവളം: കോളിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് കേന്ദ്രം നടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ചാരായം വാറ്റാനുളള 25 കിലോ പട്ടയും അനുബന്ധ വസ്തുക്കളും പാത്രങ്ങളുമടക്കമുളള ഉപകരണങ്ങളും പിടിച്ചെടുത്തു. വെളളായണി പൂങ്കുളം ചരുവിള പുത്തൻ വീട്ടിൽ രാജേഷ്(32), വെങ്ങാനൂർ മുട്ടയ്ക്കാട് സി.എസ്.ഐ പളളിക്ക് സമീപം സമേഷ് നിവാസിൽ സുന്ദരൻ(56), സി.എസ്.ഐ ചർച്ചിന് സമീപം മലവിള വീട്ടിൽ അജിത്(26), പുങ്കുളം എൽ.പി സ്‌കൂളിന് സമീപം ചരുവിള വീട്ടിൽ രാഹുൽ(26), കെ.സ് റോഡ് സീയോൺകുന്ന് വീട്ടിൽ ബിജു(45) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ്‌ചെയ്തത്. കോവളം എസ്.എച്ച്.ഒ പി.അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രണ്ട് ദിവസത്തെ നിരീക്ഷണത്തിനിടെയാണ് പിടിയിലായത്. ഒന്നാംപ്രതിയായ രാജേഷിനെയാണ് ആദ്യം വാറ്റുപകരങ്ങളുമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടൊണ് മറ്റ് നാല് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ശനിയാഴ്ച് രാത്രി നടത്തിയ പരിശോധനയിലാണ് മറ്റ് പ്രതികളും പിടിയിലായത്. കോളിയൂർ മേഖലയ്ക്ക് സമീപമുളള വേടർ കോളനി, കയിലിപ്പാറ എന്നിവിടങ്ങളിൽ വീടുകളിൽ രഹസ്യമായാണ് സംഘം വാറ്റ് നടത്തിയിരുന്നത്. രാജേഷിന്റെ അമ്മയ്ക്ക് സുഖമില്ലാത്തിനാൽ സഹോദരിക്കൊപ്പം മറ്റൊരുവീട്ടിൽ ഇവർ താമസിക്കുകയാണ്. മറ്റാരുമില്ലാത്തിനെ തുടർന്ന് ഈ വീട്ടിൽ രാജേഷ് സുഹൃത്തുക്കളുടെ സഹായത്തോടെ കോടയെത്തിച്ച് വാറ്റുപകരണങ്ങളും സജ്ജമാക്കി ചാരായമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സ്വന്തം ആവശ്യം കഴിഞ്ഞുളളത് സുഹൃത്തുക്കൾക്ക് വില്പന നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികളെ ഇന്ന് ഹാജരാക്കും.