തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടുമ്പോൾ, സംസ്ഥാനത്ത് ഏതൊക്കെ മേഖലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നതിനെക്കുറിച്ച് ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും.
രോഗവ്യാപനത്തോത് നിയന്ത്രിച്ചു നിറുത്തുന്നതിൽ വിജയിക്കാനായെന്ന് വിലയിരുത്തുന്ന കേരളം, ലോക്ക് ഡൗൺ നിയന്ത്രണം തുടരണമെന്ന നിലപാടിലാണ്. എങ്കിലും ,സാമ്പത്തികസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കാൻ ചില അവശ്യമേഖലകളിൽ ഇളവുകൾ വേണമെന്നുമുണ്ട്..ഏതൊക്കെ തരത്തിൽ ഇളവുകളാവണമെന്നതാവും മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ച സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവില്പനശാലകളുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നതും നിർണായകമാണ്.. ബാറുകൾ തുറന്നില്ലെങ്കിലും ബെവ്കോ മദ്യവില്പന ശാലകൾ തുറക്കാൻ അനുമതി നൽകുന്നതിന്റെ പ്രായോഗികവശം പരിശോധിച്ചേക്കും.
നിർമ്മാണ മേഖലയിൽ
കൂടുതൽ ഇളവുകൾ
നിർമ്മാണ മേഖലയിൽ അവശ്യം ഇളവുകൾക്ക് തീരുമാനിച്ചേക്കും. പരിമിതമായ ചില ഇളവുകൾ അല്ലാതെയുമുണ്ടാകും. കണ്ണടക്കടകളും മൊബൈൽ റീചാർജ് കടകളും വർക്‌ഷോപ്പുകളും മറ്റും നിയന്ത്രിതതോതിൽ തുറക്കാൻ അനുവദിച്ചത് പോലെയാവും ഇത്. തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടോ മൂന്നോ പേർക്ക് പണിയെടുക്കാവുന്ന തരം ഇളവുകൾ അനുവദിക്കും. സ്വകാര്യവ്യക്തികളുടെ പറമ്പുകൾ വൃത്തിയാക്കൽ പോലുള്ള പണികൾക്കാവും ഇത്..
വരുന്ന രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം ഇല്ലാതാക്കാനാവലുമെന്ന പ്രതീക്ഷ സർക്കാരിനുണ്ടെങ്കിലും അത് കഴിഞ്ഞാലും നിയന്ത്രണം അത്ര വേഗത്തിൽ എടുത്തു മാറ്റില്ല. വിദേശ രാജ്യങ്ങളിലും, ഇതര സംസ്ഥാനങ്ങളിലും നിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് ആളുകളെത്താനുള്ള സാദ്ധ്യത കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ