തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള ലോക്ക് ഡൗണിൽ ദിവസങ്ങളോളം പ്രവർത്തിക്കുന്ന പൊലീസ് സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസും റിസ്ക് അലവൻസും നൽകാൻ സർക്കാരിനോട് ശുപാ‌ർശ ചെയ്തതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. പൊലീസിന്റേത് ശ്രമകരമായ ദൗത്യമാണ്. ഇതിനായി പ്രത്യേക പരിശീലനമൊന്നും നൽകിയിട്ടില്ല. പക്ഷേ സേനാംഗങ്ങൾ സാഹചര്യത്തിനൊത്ത് പ്രവർത്തിച്ചു. കൊവി​ഡ് വ്യാപനം തടയുന്നതിൽ കേരളം വിജയകരമായ മാതൃകയാണ്. അതിൽ പ്രധാന പങ്ക് പൊലീസിന്റേതാണ്. സമൂഹവുമായി യോജിച്ചുള്ള പ്രവർത്തനമാണ് പൊലീസ് നടത്തിയത്. സാമൂഹ്യ അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയ പ്രോട്ടോക്കോൾ പൊലീസ് നന്നായി പ്രചരിപ്പിച്ചു. പൊലീസിനോട് 99 ശതമാനം ജനങ്ങളും സഹകരിച്ചെന്നും ഡി.ജി.പി പറഞ്ഞു.