തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ഇന്നലെ യു.കെ യിൽ മരിച്ച കോട്ടയം സ്വദേശി ഡോ.അമീറുദ്ദീൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ് പൂർത്തിയാക്കിയത്. തുടർന്ന് ഇവിടെതന്നെ തൊറാസിക് സർജറി വിഭാഗത്തിൽ പ്രവർത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും യു.കെയിലും ഉപരിപഠനം നടത്തി. യു.കെയിൽ നിന്ന് എം.ആർ.സി.പി നേടിയശേഷം അവിടെ തന്നെ ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഡോക്ടറായ ഭാര്യയേയും ഒപ്പം കൂട്ടി. തലസ്ഥാനനഗരിയോട് അദ്ദേഹത്തിന് വലിയ ആവേശമായിരുന്നുവെന്ന് സഹോദരി ഷംസിയ കേരളകൗമുദിയോട് പറഞ്ഞു. അതുകൊണ്ടാണ് മ്യൂസിയത്തിന് സമീപം കനകനഗറിൽ ഫ്ലാറ്റ് വാങ്ങിയത്. വർഷത്തിൽ രണ്ടുതവണയെങ്കിലും ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. ആർ.സി.സിയിലെത്തുന്ന രോഗികൾക്ക് സഹായമായി മെഡിക്കൽ കോളേജിനടുത്ത് എം.എസ് .എസ് നിർമ്മിച്ച ചാരിറ്റി സെന്ററിൽ പിതാവിന്റെ പേരിൽ ഒരു നില നിർമ്മിച്ചു നൽകിയത് ഇദ്ദേഹം കൂടി അംഗമായ കുടുംബ ട്രസ്റ്റായിരുന്നു. കാനഡയിൽ ഡോക്ടറായ ഇദ്ദേഹത്തിന്റെ സഹോദരൻ ഷാനവാസാണ് ഇതിന് നേതൃത്വം കൊടുത്തത്. ജനുവരിയിൽ കനകനഗറിലെ ഫ്ലാറ്റിൽ സഹോദരൻ രണ്ടു ദിവസം താമസിച്ചിരുന്ന കാര്യവും സഹോദരി ഒാർമ്മിക്കുന്നു.