കോട്ടയം: ഓർമ്മയുടെ ചുവരിലെ മാറാല നീക്കി, ജനിച്ച വീട് അതേപടി വരച്ചെടുക്കുകയായിരുന്നു ലോക്ക് ഡൗൺ കാലത്ത് ആർട്ടിസ്റ്റ് സുജാതൻ. രംഗപടമൊരുക്കുന്ന പണിശാലയ്ക്കുള്ളിലെ തിണ്ണ സെറ്റിട്ട് വിശ്രമകേന്ദ്രമാക്കി. ഉത്സവരാവുകളെ നാടകങ്ങൾ മനോഹരമാക്കേണ്ട കാലത്ത് ഇങ്ങനെ വെറുതെ സമയം കളഞ്ഞിരിക്കുന്നതും ഓർമ്മയിൽ ഇതാദ്യമാണ്.
ആർട്ടിസ്റ്റ് സുജാതന് അഞ്ചു വയസ്സുള്ളപ്പോഴാണ് വേളൂർ അമ്പലപ്പറമ്പിലെ കുടുംബവീട് പൊളിക്കുന്നത്. ഓലമേഞ്ഞ്, തിണ്ണയോടു കൂടിയ വീട് അന്ന് മനസ്സിൽ പതിഞ്ഞതാണ്. പക്ഷേ പകർത്തുന്നത് ഈ എഴുപതാം വയസ്സിൽ. തുണിയിൽ ചായംതേച്ച് വരച്ചെടുത്തു. തിണ്ണയിൽ സെറ്റിട്ടു. ഒറ്റനോട്ടത്തിൽ ഒരു നാടക വേദിപോലെ. പി.വി.സി പൈപ്പിൽ മെറ്റൽ ചിപ്സ് ചേർത്ത് 'കരിങ്കൽ തൂണുകളുണ്ടാക്കി. ജിപ്സം ഷീറ്റുകൊണ്ട് ഭിത്തിയും, പഴയ പട്ടികകളും വെൽവെറും കൊണ്ട് ഇരിപ്പിടങ്ങളും റെഡിയാക്കി. "ഞങ്ങൾ കലാകാരന്മാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. എട്ടു പണിക്കാരുണ്ട്. അതിൽ കുറച്ചുപേർക്കെങ്കിലും തൊഴിലാവട്ടെ എന്നു കൂടി കരുതിയാണ് ഇതൊക്കെ ചെയ്തത്." - അദ്ദേഹം പറഞ്ഞു.
മാർച്ച് രണ്ടിനാണ് സുജാതൻ വിദേശത്തു നിന്ന് വന്നത്. രംഗപടമൊരുക്കേണ്ട ഒരു കൂട്ടം നാടകങ്ങളുടെ സ്ക്രിപ്റ്റ് അതേപടി ഇരിപ്പുണ്ട്. ലോക്ക് ഡൗൺ കാലത്ത് എന്തു ചെയ്തിട്ടും കാര്യമില്ലാത്തതിനാൽ സ്ക്രിപ്റ്റ് വെറുതെ വായിച്ചിരിക്കും.
'അഞ്ചു മാസത്തെ ജോലികൊണ്ട് ഒരു വർഷം മുഴുവൻ ജീവിക്കുന്നവരാണ് കലാകാരന്മാർ. പ്രളയത്തിനു ശേഷം എല്ലാവരും ശ്വാസംവിട്ടു തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ ആശങ്ക. കലാകാരന്മാർ ഒരുപാടുള്ള ചൈനയിൽ നിന്നു വന്ന രോഗം കലാകാരന്മാർക്കു കൂടി വിനയായി."
സുജാതൻ അനുഭവിച്ച ചൈന അത്രയ്ക്ക് മനോഹരമാണ്. 2018- ലാണ് കാബിനറ്റ് ഒഫ് ഡോക്ടർ കാലിഗരി എന്ന നാടകത്തിന് രംഗപടമൊരുക്കാൻ സുജാതൻ ചൈനയ്ക്കു പോയത്. 17ദിവസം നീണ്ട ഡ്രാമാ ഫെസ്റ്റിൽ അഞ്ചു ദിവസം കാബിനറ്റ് ഒഫ് ഡോക്ടർ കാലിഗരി അവതരിപ്പിച്ചു.
''ഇന്ത്യയെ ആക്രമിച്ച ചൈന എന്ന മുൻധാരണയോടാണ് അവിടേക്കു പോയത്. ആ ധാരണ അവിടെ നിന്ന് മാറി. ഇത്രയും മാതൃസ്നേഹമുള്ള ആളുകൾ. കലാകാരന്മാരുടെ നാട്. കലയെ സ്നേഹിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്. കലാകാരന്മാരോടുള്ള അവരുടെ ആദരവ് അത്രയ്ക്കുണ്ട്.""ആർട്ടിസ്റ്റ് സുജാതൻ പറഞ്ഞു.