കോഴിക്കോട്: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്തു. ഇദേഹം ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പൻപാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവർത്തിച്ചതിന് കേസെടുത്തത്.
സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ടി.പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിബിത്ത് കോഴിക്കളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലോക് ഡൗണ്‍ കാലത്ത് ഇത് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്താണ് തോമസ് ഐസക്കിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നത്. ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. പിന്നീട് ഇദ്ദേഹം സി.പി.എമ്മുമായി ഇടയുകയായിരുന്നു.