ബദോഹി: ഈ അമ്മയുടെ ക്രൂരകൃത്യത്തിന് പിന്നിലെ സത്യമെന്തെന്ന് ഗംഗാ നദിയ്ക്കറിയാം. അന്വേഷണം ചെന്നെത്തുന്നതുവരെ ഗംഗയ്ക്ക് മാത്രമേ അറിയാനാവൂ. ഒരമ്മ അഞ്ച് മക്കളെ ഗംഗയിലേക്ക് വലിച്ചെറിഞ്ഞു. ലോക്ക് ഡൗൺ മൂലം പണിയില്ലാതായതോടെ പട്ടിണി കൊണ്ട് വാവിട്ടു കരഞ്ഞ മക്കൾക്ക് ശാന്തി പകരാനാണ് ഗംഗയിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് പറയപ്പെടുന്നത്.
ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീർബാദിലാണ് സംഭവം. കൂലിപ്പണിക്ക് പോയാണ് ആ അമ്മ കുട്ടികളെ നോക്കിയിരുന്നത്. ലോക്ക് ഡൗണായതോടെ പണിയില്ലാതായി. വീട് മുഴുപട്ടിണിയിലുമായി. എന്റെ കുട്ടികളുടെ കരച്ചിൽ കേട്ടോ, അവർ വിശന്ന് നിലവിളിക്കുകയാണ്. ഞാനെന്ത് ചെയ്യും. ആ അമ്മ പറഞ്ഞതായി പരിസരത്തുള്ളവർ പറയുന്നു. കരച്ചിൽ കേട്ട് ചങ്ക് പിളർന്ന അമ്മ അഞ്ച് മക്കളെയും ഗംഗയ്ക്ക് സമർപ്പിച്ചു.
എന്നാൽ പട്ടിണിയല്ല, മാനസികാസ്വാസ്ഥ്യമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനോട് വഴക്കിട്ട് കുട്ടികളെ നദിയിലെറിയുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. മാതാവിനെ അറസ്റ്റ് ചെയ്തു. കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ആഴമേറിയ സ്ഥലത്ത് വലിച്ചെറിഞ്ഞതിനാൽ കുട്ടികളെ കണ്ടെത്താനായിട്ടില്ല.കുട്ടികളെ കണ്ടെത്തുന്നതിനാണ് ആദ്യം പ്രാധാന്യം പിന്നീട് അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലിസ് പറഞ്ഞു.