co

ഇൻഡോർ: മദ്ധ്യപ്രദേശിലെ കൊവിഡ് നിയന്ത്രണ മേഖലയായ ഇൻഡോറിൽ പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രിൽ ഏഴിന് ചന്ദൻ നഗറിൽ വച്ചാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്.പിടിയിലായ പ്രതികളെ വിവിധ ജയിലുകളിലാണ് പാർപ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.


തടവുകാരുടെ കൊവിഡ് ഫലം പൊസിറ്റീവ് ആയതോടെ ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരടക്കം 15 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി ഇടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രതികളെ ജയിലിൽ എത്തിച്ച പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോടും നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ ജയിലിലേക്ക് എത്തിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. ഒരു പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് സംശയം തോന്നിയ ജബൽപൂർ ജയിൽ സൂപ്രണ്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജബൽപൂരിൽ എട്ട് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിലും പ്രതികളുടെ കൊവിഡ് പരിശോധനക്ക് വിധേയരാക്കാതെ ജയിലിലേക്കയച്ച പൊലീസ് നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്.മറ്റുതടവുകാർക്ക് രോഗമുണ്ടോ എന്ന് സംശയമുണ്ട്.