hey-jude

ലണ്ടൻ : ബീറ്റിൽസിന്റെ പ്രശസ്തമായ ' ഹേയ് ജൂഡ് ' ഗാനത്തിന്റെ കൈയ്യെഴുത്ത് പ്രതി 910,000 ഡോളറിന് ലേലം ചെ‌യ്‌തു. പോൾ മക്കാർട്ട്നിയാണ് വരികൾ രചിച്ചിരിക്കുന്നത്. 180,000 ഡോളർ വരെ വരികൾക്ക് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ കണക്കുകൂട്ടിയതിലും ആറുമടങ്ങ് തുകയ്ക്കാണ് മക്കാർട്ട്നി തന്റെ സ്വന്തം കൈപ്പടയിലെഴുതിയ കോപ്പി ലേലത്തിൽ പോയത്. കൈയ്യെഴുത്ത്പ്രതി ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കിയതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബീറ്റിൽസ് വേർപിരിഞ്ഞ് കൃത്യം 50 വർഷങ്ങൾക്ക് ശേഷമാണ് ലേലം നടന്നിരിക്കുന്നത്. മക്കാർട്ട്നി, ജോൺ ലെന്നൻ, റിംഗോ സ്‌റ്റാർ, ജോർജ് ഹാരിസൺ എന്നിവരുടെ ഓട്ടോഗ്രാഫുകൾ പതിഞ്ഞ ഗിറ്റാറുകൾ ഉൾപ്പെടെ 250 ഓളം വസ്‌തുക്കളും ലേലത്തിനുണ്ടായിരുന്നു. 1968ൽ ലണ്ടനിലെ ട്രിഡന്റ് സ്‌റ്റുഡിയോയിലാണ് ഹേയ് ജൂഡ് റെക്കോർഡ് ചെയ്‌തത്. ജോൺ ലെന്നൻ ഭാര്യ സിന്തിയ പൊവ്വല്ലുമായി വേർപിരിഞ്ഞിരിക്കെ, അവരുടെ മകൻ ജൂലിയന് വേണ്ടിയാണ് മക്കാർട്ട്നി ഹേയ് ജൂഡ് രചിച്ചത്. ' ഹേയ് ജൂൽസ് ' എന്നത് പിന്നീട് ഹേയ് ജൂഡായി മാറുകയായിരുന്നു. ഗ്രാമി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഹേയ് ജൂഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.