covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഡൽഹി,കൊൽക്കത്ത, മുംബയ്, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമടക്കം കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം പടരുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക കേന്ദ്രത്തിനുമുണ്ട്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചില ആശുപത്രികൾ താൽക്കാലികമായി പൂട്ടി.

ഡൽഹിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം അമ്പതിനോട് അടുത്തു. തമിഴ്നാട്ടിലെ ചെന്നൈയിൽ രണ്ട് ഡോക്ടർമാർക്കും ഒരു മലയാളി ഉൾപ്പെടെ നാല് നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം പത്ത് ആയി. കൊൽക്കത്തിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊൽക്കത്തിലെ ആർ.ജി കെയർ മെഡിക്കൽ കോളേജിലെ 22 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. ആശുപത്രി 72 മണിക്കൂർ സമയത്തേക്ക് താൽക്കാലികമായി അടച്ചു.

മഹാരാഷ്ട്രയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറൻ്റെൻ ചെയ്തു.നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇവിടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം 5 ആയി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ ബംഗ്ലൂരുവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചതോടെ ബംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.