rss

ഹൈദരാബാദ്: ചെക്പോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞുനിറുത്തി പരിശോധിക്കാൻ ആർ.എസ്.എസ് പ്രവർത്തകർക്ക് അനുമതി നൽകിയിട്ടില്ലെന്ന് തെലുങ്കാന പൊലീസ്. ഹൈദരാബാദിന്റെ അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആർ.എസ്.എസ് പ്രവർത്തകർ ലാത്തിയുമായി യാത്രക്കാരെ തടഞ്ഞു നിറുത്തി പരിശോധന നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിശദീകരണവുമായി എത്തിയത്.


ലോക്ക്ഡൗണിനെ തുടർന്ന് വഴിയാത്രക്കാരെ പരിശോധിക്കാൻ പൊലീസിന് സഹായവുമായി ആർ.എസ്.എസുകാർ സ്വയം എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകളും രേഖകളും മറ്റും ആർ.എസ്.എസുകാർ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിനെതിരെ വ്യാപകവിമർശനമാണ് ഉയർന്നത്.
ഫ്രണ്ട്‌സ് ഒഫ് ആർ.എസ്.എസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പരിശോധനയുടെ ചിത്രങ്ങൾ ആദ്യം പുറത്തുവന്നത്. യദാദ്രി ഭുവനഗിരി ജില്ലയിലെ ചെക്ക് പോസ്റ്റിൽ ആർ.എസ്.എസ് പ്രവർത്തകർ ദിവസവും 12 മണിക്കൂർ പൊലീസിനെ സഹായിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.

ഔദ്യോഗികാനുമതി ഇല്ലാതെയാണ് ആർ.എസ്.എസുകാർ പ്രവർത്തിച്ചതെന്നാണ് പൊലീസ് കമ്മിഷണർ പറയുന്നത്. ജനങ്ങളെ സഹായിക്കാനായി പ്രവർത്തകർ ഏതു സമയവും ഉണ്ടെന്നും ചെക്ക് പോസ്റ്റുകളിൽ സഹായവാഗ്ദാനം നൽകിയപ്പോൾ പൊലീസുകാർ അനുവദിക്കുകയായിരുന്നുവെന്നും ഒരു ദിവസത്തേക്ക് മാത്രമായിരുന്നു ഇതെന്നുമാണ് ആ.എസ്.എസ് സംസ്ഥാനവക്താവ് പറയുന്നത്.