മുംബയ്: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 150 ആയി. നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. പ്രദേശത്ത് ബാരിക്കേഡുകൾ തീർത്ത് കവചമൊരുക്കുകയാണ് പൊലീസ്. ഇതിനൊപ്പം ധാരാവിയിലെ പൊതുടോയ്‌ലറ്റുകൾ ഉൾപ്പെടെ അധികൃതർ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്. ഇവിടത്തെ ജനങ്ങളിൽ ചിലർ സഹകരിക്കുന്നില്ലെന്നത് പൊലീസിന് തലവേദന ഉണ്ടാക്കുന്നുണ്ട്.
അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. അഞ്ച് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത്. സംസ്ഥാനത്ത് പൂനെ, മുംബയ് എന്നിവിടങ്ങളിലെ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോട് അടുത്തിടപഴകിയ 36 നഴ്സുമാരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.
നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണംഅഞ്ചായി ആയി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബയിലെ താജ് ഹോട്ടലിലെ അഞ്ച് ജീവനക്കാർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താനെയിൽ പൊലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്തിടപഴയകിയെന്നു സംശയിക്കുന്ന നൂറിലധികം പൊലീസുകാരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. രോഗവ്യാപത്തിന്റെ തോത് കുറയ്ക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കുകയാണ്. കൂടുതൽപേരെ ഐസൊലേഷനിൽ ആക്കുന്നതിനുവേണ്ടിയുളള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.