തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിയിലായ വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകി തുടങ്ങി. ലോക്ക് ഡൗണിന്റെ ആദ്യദിവസം പിടിയിലായ വാഹനങ്ങളാണ് ആദ്യദിവസം വിട്ടുകൊടുത്തത്. പൊലീസ് ആവശ്യപ്പെട്ടാൽ ഏത് സമയവും ഹാജരാക്കാമെന്ന് ഉടമയുടെ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ വിട്ടുനൽകുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കാൽലക്ഷത്തോളം വാഹനങ്ങളുള്ളത്. ഇതിന്റെ ഏതാണ്ട് 30ശതമാനം വാഹനങ്ങളാണ് ആദ്യദിവസം വിട്ടുകൊടുക്കുന്നത്.പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുക്കാനോ പിഴ ചുമത്താനോ പൊലീസിന് അധികാരമില്ല. ഓർഡിനൻസിൽ ഭേദഗതി വരുത്തിയാലേ പൊലീസ് നടപടിക്ക് അധികാരമുള്ളു. ഇക്കാര്യത്തിൽ സർക്കാർ നിർദേശം ലഭിച്ചശേഷമേ പിഴ ഈടാക്കുന്നകാര്യത്തിലോ കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിലോ തീരുമാനമുണ്ടാകൂ.
അതേസമയം ലോക്ക് ഡൗണിൽ സംസ്ഥാന സർക്കാർ നേരിയ ഇളവ് അനുവദിച്ചതോടെ ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ആളുകൾ വാഹനങ്ങളുമായി ഒറ്റയ്ക്കും കൂട്ടായും പുറത്തിറങ്ങി. ഇത് നിയന്ത്രിക്കാൻ ഇന്ന് മുതൽ വീണ്ടും വാഹന പരിശോധന പൊലീസ് കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നതിന് പിടിയിലാകുന്ന വാഹനങ്ങളും ഇത്തരത്തിൽ സത്യവാങ്ങ്മൂലം നൽകിയേ ഉടമയ്ക്ക് വീണ്ടെടുക്കാനാകൂ.