ഭോപാൽ: കമൽനാഥ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലാത്ത മദ്ധ്യപ്രദേശിൽ കൊവിഡിനെ നേരിടുന്നതില്‍ പ്രതിസന്ധി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൊവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപനം നീട്ടിയത് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിമാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഇന്നലെ ആരോപിച്ചിരുന്നു.
ആരോഗ്യ മന്ത്രിയില്ലാത്ത മദ്ധ്യപ്രദേശില്‍ കൊവിഡ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പിലെ ഉന്നതരും രോഗം പിടിപെട്ട് ആശുപത്രിയിലായത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, മധ്യപ്രദേശ് ഹെല്‍ത്ത് കോര്‍പറേഷന്‍ എംഡി ജെ. വിജയ് കുമാര്‍, സംസ്ഥാനത്തെ ആയുഷ് മേധാവി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണ് രാജ്യത്ത് കോവിഡ് പടരാന്‍ കാരണമെന്നാണ് കമല്‍നാഥിന്റെ ആരോപണം.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് രോഗം ബാധിച്ചത് മൂടിവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന് ആക്ഷേപമുണ്ട്. നിലവില്‍ ആരോഗ്യവകുപ്പിലെ 80 പേരാണ് ചികിത്സയിലുള്ളത്.നിലവില്‍ 572 രോഗികളും 44 മരണങ്ങളുമായി മധ്യപ്രദേശ് രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. ഇതില്‍ പ്രധാന നഗരങ്ങളായ ഇന്‍ഡോറില്‍ 306 രോഗികളും ഭോപാലില്‍ 139 രോഗികളും ആണുള്ളത്.