തിരുവനന്തപുരം: ലോക്ക് ഡൗൺ മറയാക്കി ഈസ്‌റ്റർ ദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാജ മദ്യനിർമ്മാണവും വിൽപ്പനയും നടത്തിയ 14 പേർ പിടിയിലായി. കോവളത്ത് വീട്ടിൽ നാടൻ ചാരായം വാറ്റിയ അഞ്ചംഗസംഘത്തെ കോവളം പൊലീസ് പിടികൂടി. ചാരായ നിർമാണത്തിനുള്ള 25 ലിറ്റർ വാഷും മറ്റ് വസ്തുക്കളും പാത്രങ്ങളും പിടിച്ചെടുത്തു.
വെള്ളായണി പൂങ്കുളം ചരുവിള പുത്തൻ വീട്ടിൽ രാജേഷ് (32), വെങ്ങാനൂർ മുട്ടയ്ക്കാട് സിഎസ്ഐ പള്ളിക്ക് സമീപം സുമേഷ് നിവാസിൽ സുന്ദരൻ (56), സി.എസ്.ഐ ചർച്ചിന് സമീപം മലവിള വീട്ടിൽ അജിത് (26), പുങ്കുളം എൽപി സ്‌കൂളിന് സമീപം ചരുവിള വീട്ടിൽ രാഹുൽ (26), കെ.എസ് റോഡ് സീയോൺകുന്ന് വീട്ടിൽ ബിജു (45)എന്നിവരാണ് പിടിയിലായത്. കോവളം സി.ഐ പി.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഒന്നാംപ്രതിയായ രാജേഷിനെ കഴിഞ്ഞ ദിവസം രാത്രി വാറ്റുപകരണങ്ങളുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് മറ്റ് നാലു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ മറ്റ് പ്രതികളും പിടിയിലായി. വേടർ കോളനി, കൈലിപ്പാറ എന്നിവിടങ്ങളിലായിരുന്നു വാറ്റ്. വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെയാണ് കഴക്കൂട്ടം വിളയിൽകുളം ശാന്തിനഗർ മണക്കാട്ടുവിളാകത്ത് വിജിത ഭവനിൽ വിജിത്ത് (35) പിടിയിലായത്. സ്റ്റൗവുൾപ്പെടെ വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു. തുമ്പ സി.ഐ വി. അജേഷ് പരിശോധനയ്‌ക്ക് നേതൃത്വം നൽകി.
കഴക്കൂട്ടം മുരുക്കുംപുഴ ആറാട്ടുകടവിന് സമീപം വ്യാജവാറ്റ് നടത്തിയ മൂന്നുപേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. വെയിലൂർ മുണ്ടക്കൽ കടവിൽ റോഡിൽ തൃപ്തിയിൽ സേവ്യർ (65), അടൂർ പെരുംകുഴി കൃഷ്ണപുരം കൃഷ്ണ ക്ഷേത്രത്തിനു സമീപം ആർഎസ് വില്ലയിൽ ജനീഷ് (29), വെയിലൂർ നാലുമുക്ക് പ്ലാവിന്റമൂട് കാവിന് സമീപം കാളിവീട്ടു വിളാകത്ത് വീട്ടിൽ ബൈജു (49) എന്നിവരാണ് പിടിയിലായത്. മംഗലപുരം സി.ഐ പി ബി വിനോദ് കുമാർ, എസ്.ഐ തുളസീധരൻനായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മദ്യത്തിൽ സാനിറ്റൈസർ കലക്കി വിൽപ്പന ചെയ്‌തയാളെ വർക്കലയിൽ പൊലീസ് പിടികൂടി. യു ഡി ഓഡിറ്റോറിയത്തിനു സമീപം സജീന മൻസിലിൽ സജിൻ (37) ആണ് പിടിയിലായത്. വൈറ്റ് റം, വോഡ്ക എന്നിവയിൽ സാനിറ്റൈസർ കലർത്തി കുപ്പികളിലാക്കിയായിരുന്നു വിൽപ്പന.
‘ചപ്പാത്തി’ എന്ന കോഡ് ഉപയോഗിച്ചാണ് വിൽപ്പന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫോട്ടോ ഗ്രാഫേഴ്സ് അസോസിയഷൻ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ബൈക്കിൽ കറങ്ങിയായിരുന്നു വിൽപ്പന നടത്തിയിരുന്നത്. വർക്കല സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. വാമനപുരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 40 ലിറ്റർ കോടയുമായി പുല്ലമ്പാറ പുലിമുട്ട് കോണം വടക്കുംകര പുത്തൻ വീട്ടിൽ പുഷ്പകുമാറിനെ വീട്ടിൽനിന്ന് പിടികൂടി. വീട്ടു പരിസരത്ത് രണ്ട് കന്നാസുകളിലായാണ് കോട സൂക്ഷിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
വീടിന്റെ ടെറസിൽ ചാരായം വാറ്റിയയാളെ പൂന്തുറയിൽ പൊലീസ് പിടികൂടി. മുട്ടത്തറ പുത്തൻപള്ളി ദരിയ നഗർ പള്ളിക്ക് സമീപം അബ്ദുൾ സലാം (47)ആണ് പിടിയിലായത്. പൊലീസ് വീട്ടിലെത്തുമ്പോൾ ഇയാൾ ടെറസിലിരുന്ന് വാറ്റുകയായിരുന്നു. പ്ലാസ്‌റ്റിക് കുപ്പികളിൽ നിറച്ച ചാരായം, 20 ലിറ്റർ കോട, ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ എന്നിവ പിടിച്ചെടുത്തു. ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോഗ്രെ, പൂന്തുറ സി.ഐ ബി.എസ് സജികുമാർ, എസ്.ഐ ആർ. ബിനു, ക്രൈം എസ്.ഐ അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വ്യാജവാറ്റിനിടെ വെള്ളറടയിൽ യുവതിയും സുഹൃത്തും പിടിയിലായി. പുല്ലേച്ചൽ കാവുവിള വീട്ടിൽ സജി (38), സഹായിയായ ഹസീന (37) എന്നിവരിൽനിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആര്യങ്കോട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.