തിരുവനന്തപുരം: കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവർത്തനങ്ങൾ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേർ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ.
കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനം തുടങ്ങിയ ഏപ്രിൽ ഒന്നിന് 1,64,130 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളിൽ 1,63,508ഉം ആശുപത്രിയിൽ 622ഉം പേരാണ് ഉണ്ടായിരുന്നത്. ഏപ്രിൽ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും കരുതലോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എട്ട് ദിവസത്തിനകം നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1,16,941 ആയി കുറയ്ക്കാനായി. ഒരാഴ്ചയ്ക്കകം 54,414 പേരാണ് നിരീക്ഷണകാലയളവ് പൂർത്തിയാക്കിയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച 194 പേരുൾപ്പെടെ 816 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇവരിൽ പൊതുഇടങ്ങളിൽ നിന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. മാഹിയിലും പോത്തൻകോടും മരിച്ചയാളുകൾക്കും ഇടുക്കിയിലെ പൊതുപ്രവർത്തകനും മാത്രമാണ് എവിടെ നിന്നാണ് രോഗമെന്ന് കണ്ടെത്താനാകാതെ പോയത്.
വിദേശത്തുനിന്നെത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കാനുള്ള സർക്കാർ തീരുമാനമാണ് നിർണായകമായത്. വിമാനത്താവളത്തിൽ വന്നവരെയെല്ലാം പരിശോധിച്ചു. ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അല്ലാത്തവരെ വീട്ടുനിരീക്ഷണത്തിലുമാക്കി. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർക്ക് ലക്ഷണം പ്രകടമായാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സമ്പർക്കവിലക്ക് പാലിക്കുന്നെന്ന് ഉറപ്പാക്കി.
അംഗൻവാടി, ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഫീൽഡ് തല നിരീക്ഷണവും അണുനശീകരണം, റാപ്പിഡ് ടെസ്റ്റ് എന്നിവ ഫലപ്രദമായി നടത്താനായതും രോഗ വ്യാപനം തടയുന്നതിൽ നിർണായകമായി. രോഗം സ്ഥിരീകരിച്ചവരിൽ 25.80 ശതമാനത്തിന് മാത്രമാണ് സമ്പർക്കത്തിലൂടെ പകർന്നത്.
74.2 ശതമാനവും വിദേശത്തുനിന്ന് വന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.കോഴിക്കോട്ടാണ് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് (17,387പേർ). കൂടുതൽ പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതും ഇവിടെത്തന്നെ(17,364പേർ). രോഗം തീഷ്ണമായിരുന്ന കാസർകോട്ടാണ് ഏറ്റവും കൂടുതൽ ആളുകൾ ആശുപത്രിയിലുള്ളത്. 263 പേരാണ് വിവിധ ആശുപത്രികളിലായി ഇവിടെ നിരീക്ഷണത്തിലുള്ളത്.