തിരുവനന്തപുരം: ലോകം കൊവിഡിൽ വിറച്ചു നിൽക്കെ രോഗികൾക്കായി കുറഞ്ഞ ചെലവിൽ കൃത്രിമ ശ്വസനസഹായി നിർമ്മിച്ചെടുത്തിരിക്കുകയാണ് ഛായാഗ്രാഹകനും പ്രൊഡ്യൂസറുമായ സിനു സിദ്ധാർത്ഥ്. സാമൂഹിക വ്യാപനം ഉണ്ടായാൽ ആവശ്യത്തിന് കൃത്രിമ ശ്വാസം രോഗികൾക്ക് നൽകാനുള്ളത്രയും ഉപകരണങ്ങൾ നമ്മുടെ ആശുപത്രികളിലില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ഇലക്‌ട്രോണിക് വസ്‌തുക്കളും പൈപ്പും ഉപയോഗിച്ച് വെറും 350 രൂപ മുതൽമുടക്കിൽ സിനു കൃത്രിമ ശ്വസന ഉപകരണം നിർമ്മിച്ചത്.
കൊവിഡ് ബാധിതയായ സമയത്ത് ഏറ്രവും കൂടുതൽ ആഗ്രഹിച്ചത് ഒരിറ്ര് ശ്വാസത്തിനാണെന്നുള്ള ഇറ്റലിയിലെ ഒരു നഴ്സിന്റെ അനുഭവക്കുറിപ്പാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് സിനുവിനെ നയിച്ചത്. അഞ്ച് ദിവസം കൊണ്ടാണ് സിനു നിർമ്മാണം പൂർത്തിയാക്കിയത്.
ആദ്യത്തെ രണ്ടു പരീക്ഷണങ്ങൾ പാളിയെങ്കിലും മൂന്നാമത്തേത് വിജയിച്ചു. മുരുക്കുംപുഴയിലെ വീട്ടിൽ സഹായികളായത് അച്‌ഛൻ സിദ്ധാർത്ഥും ഡ്രൈവർ ഷിബുവും. ആരോഗ്യവകുപ്പിനായി കൂടുതൽ ഉപകരണങ്ങൾ നിർമ്മിക്കാൻ തയ്യാറാണെന്ന് സിനു പറഞ്ഞു.
സിനുവിന്റെ 29-ാമത്തെ ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' റിലീസിനൊരുങ്ങുമ്പോഴാണ് ലോക്ക് ഡൗണാകുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് സ്വന്തം ബോട്ടിൽ പോയി രക്ഷാപ്രവർത്തനം നടത്തിയാണ് സിനു ഹീറോയായത്. ഭാര്യ: സുരഭി. മക്കൾ: സിദ്ധാർത്ഥ് രാജ്, അലീന.
ശ്വസന സഹായി
വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിക്കും
കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം
മിനിട്ടിൽ എത്രതവണ ശ്വസിക്കണമെന്നത് ക്രമീകരിക്കാം
റിമോട്ട് കൺട്രോളിലൂടെ ഡ്യൂട്ടിയിലുള്ളവരെ വിളിക്കാം
വീട്ടിലും ഉപയോഗിക്കാം.
കൂറ്റൻ ക്രെയിൻ വരെ
ടാങ്കിൽ വെള്ളം നിറയുമ്പോൾ മോട്ടോർ ഓഫ് ആകുന്ന ഉപകരണമായിരുന്നു പത്തിൽ പഠിക്കേ ആദ്യത്തെ കണ്ടുപിടിത്തം. ഇപ്പോഴും അതു വീട്ടിൽ പ്രവർത്തിക്കുന്നു. 2000ൽ സ്റ്റഡിക്യാം നിർമ്മിച്ചു. 2008ൽ 86 അടിയുള്ള ക്രെയിൻ ഉണ്ടാക്കി. അതുപയോഗിച്ച് ആറ്റുകാൽ പൊങ്കാല ഷൂട്ട് ചെയ്തു. പിന്നെ കേബിൾ ക്യാം, എച്ച്.ഡി തിയേറ്റർ എന്നിവയുണ്ടാക്കി.