ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാൻലി ചെറ മരിച്ചു. എൺപതുകാരനായിരുന്നു ഇയാൾ. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ ഇദ്ദേഹം സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. കഴിഞ്ഞദിവസം നടത്തിയ വൈറ്റ്ഹൗസ് യോഗത്തിൽ സ്റ്റാൻലി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബിൽഡറും റിയൽഎസ്‌റ്റേറ്റ്കാരനുമെന്നാണ് ട്രംപ് സ്റ്റാൻലിയെ വിശേഷിപ്പിച്ചിരുന്നത്. കൊവിഡ് ഒരു സാധാരണ പനി പോലെയാണെന്നാണ് ട്രംപ് വിലയിരുത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. തുടക്കത്തിൽ പരിശോധന നടത്താൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവിൽ കൂട്ടുകാരിൽ പലർക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം പരിശോധനയ്ക്കുപോലും തയ്യാറായത്. രണ്ടുപരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു.
ട്രംപിന്റെ മണ്ടത്തരങ്ങളാണ് അമേരിക്കയിൽ കൊവിഡ് ഇത്രയേറെ പടരാൻ ഇടയാക്കിയതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലുൾപ്പെടെ രോഗം പടർന്നപ്പോൾ നഗരം അടച്ചിടണമെന്ന് ആവശ്യമുയർന്നെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. ഒടുവിൽ കാര്യങ്ങൾ കൈവിടുമെന്ന ഘട്ടം എത്തിയപ്പോഴാണ് നഗരം അടച്ചിടാൻ തീരുമാനിച്ചത്.അടച്ചിടൽ തീരുമാനം പുനപരിശോധിക്കണമെന്നും ട്രംപ് ഇടയ്ക്ക് പറഞ്ഞിരുന്നു. അടച്ചിടൽ രാജ്യത്തെ സാമ്പത്തികമായി തകർക്കും എന്ന ന്യായമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോഴും അടച്ചുപൂട്ടലിനെ ട്രംപ് പൂർണമായും അനുകൂലിക്കുന്നില്ല.