തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രത്യേക പൂജകളും വഴിപാടുകളും വെബ് സ്ട്രീമിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രിമാരും വിവിധ ദേവസ്വം ബോർഡുകളും സർക്കാരിനെ അറിയിച്ചു.കഴിഞ്ഞദിവസം ഒരു ചാനൽ പരിപാടിയിൽ
പങ്കെടുക്കവെ,ഈ നിർദേശം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ ക്ഷേത്ര പൂജകളുടെ വെബ് സ്ട്രീമിംഗ് നടക്കില്ലെന്ന് വിവിധ ക്ഷേത്രം തന്ത്രിമാർ അറിയിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ എൻ.വാസു അറിയിച്ചു. വെബ്സ്ട്രീമിംഗ് ആചാരപരമല്ലെന്നും ശ്രീകോവിലിനുള്ളിലെ ചടങ്ങുകൾ ചിത്രീകരികരിക്കാനാകില്ലെന്നും തന്ത്രിമാർ നിലപാട് എടുക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. തന്ത്രിമാരുടെ അഭിപ്രായം മന്ത്രിയെ അറിയിച്ചെന്ന് എൻ.വാസു പറഞ്ഞു.