lock-down


മനുഷ്യർ തീർത്തും നിസ്സഹായരാകുന്ന ചില സന്ദർഭങ്ങളുണ്ട്. മഹാമാരിയുടെ ഈ നാളുകൾ അത്തരത്തിലുള്ളതാണ്. ഈ നിസ്സഹായാവസ്ഥയിലും തങ്ങളുടെ പ്രവൃത്തികൊണ്ട് സമൂഹത്തിന്റെ സ്നേഹാദരവിനു പാത്രമാകുന്ന വ്യക്തിത്വങ്ങൾ അപൂർവമല്ല. മഹാമാരിയുടെ കുറ്റാക്കൂരിരുട്ടിലും പ്രത്യാശയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദീപം തെളിച്ചുകൊണ്ട് അവർ മാതൃകകളായി മാറുന്നു. സ്വജീവിതത്തിലെ സൗഭാഗ്യ നിമിഷങ്ങൾ പോലും തത്‌കാലം വേണ്ടെന്നുവച്ച് തങ്ങളുടെ സേവന തുറകളിൽ അഹോരാത്രം പ്രവൃത്തിയെടുക്കുന്ന അനേകം യുവതീ യുവാക്കൾ നമുക്കു ചുറ്റിലുമുണ്ട്. ആരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സാക്ഷിയുടെ വിളികേട്ട് സമൂഹത്തെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്ത് ഇറങ്ങിയവരാണവർ. വിവാഹം പോലും മാറ്റിവച്ചവരുണ്ട് കൂട്ടത്തിൽ. അതുപോലെ സ്വന്തമായ എല്ലാ കാര്യങ്ങൾക്കും അവധി നൽകി വിശ്രമമില്ലാതെ സേവനത്തിൽ മുഴുകിയിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെയും പൊലീസിലെയും ആയിരക്കണക്കിനാളുകളുണ്ട്. ഇവരുടെ സേവന മികവിലാണ് കേരളം ഇന്ന് ആശ്വാസത്തുരുത്തിലെത്തി നിൽക്കുന്നത്. മനസ്സു നിറഞ്ഞ് നമുക്ക് അവരെ പ്രണമിക്കാം.

മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം. പ്രസാദും കന്യാകുളങ്ങര ഗവൺമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. ആര്യയും ഇക്കഴിഞ്ഞ അഞ്ചിന് വിവാഹിതരാകേണ്ടതായിരുന്നു. വീട്ടുകാർ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു വിവാഹ തീയതി. അപ്പോഴാണ് കൊവിഡ് ദുശ്ശകുനമായി ലോകത്താകെ പടർന്നുപിടിച്ചത്. അത്യാവശ്യം ആൾക്കാരെ ചേർത്ത് വേണമെങ്കിൽ നിശ്ചയിച്ചുറപ്പിച്ച തീയതിക്കു തന്നെ വിവാഹം നടത്താമായിരുന്നു. ഇരു വീട്ടുകാരുടെയും ആഗ്രഹവും അതായിരുന്നു. എന്നാൽ ഈ ദുരന്തനാളുകളിൽ വിവാഹത്തെക്കാൾ മുൻഗണന നൽകേണ്ടത് ഡ്യൂട്ടിക്കാണെന്നു ഉറച്ച തീരുമാനമെടുക്കാൻ പ്രസാദിനും ആര്യയ്ക്കും ഒരു പ്രയാസവുമുണ്ടായില്ല. വീട്ടുകാർക്കും അതിനു വഴങ്ങേണ്ടിവന്നു. ഏപ്രിൽ അഞ്ചിന് വിവാഹം നടക്കേണ്ട സമയത്ത് പ്രസാദ് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു. ഡോ. ആര്യ ആശുപത്രിയിൽ രോഗികളുടെ പരിശോധനയിലും. സമൂഹം ഒന്നാകെ വിഷമിച്ചു കഴിയുന്ന വേളയിൽ വിവാഹത്തിനാണെങ്കിൽ പോലും അവധിയെടുത്ത് മാറി നിൽക്കാൻ മനസ്സ് അനുവദിച്ചില്ലെന്ന പ്രസാദിന്റെയും ആര്യയുടെയും വാക്കുകൾ യുവതലമുറയ്ക്കു മാത്രമല്ല മുഴുവൻ പേർക്കും പ്രചോദനം നൽകുന്നതാണ്. ജീവിതം കൂടുതൽ അർത്ഥപൂർണമാകുന്നത് സേവനത്തിന്റെ ഇത്തരം വഴികളിലൂടെയാണ്.

പ്രസാദിനെയും ഡോ. ആര്യയെയും പോലെ രണ്ടാമതൊന്ന് ആലോചിക്കാതെ വിവാഹം പിന്നെയാകാം എന്നു തീരുമാനിച്ച വേറെയും യുവതീയുവാക്കൾ ഇവിടെ ഉണ്ട്. കോട്ടയം സ്വദേശി സൗമ്യ അക്കൂട്ടത്തിലൊരാളാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൗമ്യയുടെ വിവാഹം ഏപ്രിൽ 8-നു നിശ്ചയിച്ചിരുന്നതാണ്. ക്ഷണിക്കപ്പെടാതെ കൊവിഡ് മഹാമാരി എത്തിയതോടെ വിവാഹത്തീയതി മാറ്റി .കൊവിഡ് രോഗികളെ പരിചരിക്കുകയെന്നതാണ് തന്റെ പ്രഥമ കടമയെന്നു തീരുമാനിച്ച് പ്രതിശ്രുത വരനായ റെജിയെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. റെജിക്കും അത് സമ്മതമായിരുന്നു. കർത്തവ്യബോധത്തിന്റെയും സേവനതൃഷ്ണയുടെയും ഇതുപോലുള്ള എത്രയോ അനുഭവങ്ങൾ നിത്യേന കേട്ടുകൊണ്ടിരിക്കുകയാണ്.

സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ വീടുംപൂട്ടിയിരിക്കുന്ന, ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനും സദാ ഓടി നടക്കുകയാണ്. ഇവരുടെ കൂട്ടായ്മയാണ് ലോക്ക് ഡൗണിന്റെ പാരുഷ്യവും കഷ്ടപ്പാടും ഏറെ ലഘൂകരിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനുസരിപ്പിക്കാൻ പാടുപെടുന്ന പൊലീസ് സേനാംഗങ്ങളുടെ കഠിനാദ്ധ്വാനം വാഴ്‌‌ത്തപ്പെടേണ്ടതു തന്നെയാണ്. സ്വന്തം സുരക്ഷിതത്വം പോലും മാറ്റിവച്ചാണ് അവർ രാപകൽ നാടുചുറ്റിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാനച്ചുമതലകൾക്കു പുറമെ ജനങ്ങളുടെ ഏത് അടിയന്തരാവശ്യങ്ങളും നേരിടാൻ അവർ ഒപ്പം തന്നെയുണ്ട്. പൊലീസിനൊപ്പം തന്നെ അഗ്നിശമന സേന ചെയ്യുന്ന സേവനങ്ങളും മറക്കാവതല്ല. അയ്യായിരത്തിലേറെ പേർക്കാണ് അഗ്നിശമന സേന ഈ നാളുകളിൽ അവശ്യ മരുന്നുകൾ എത്തിച്ചുകൊടുത്തത്.

തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ഇപ്രകാരം അവർ മരുന്ന് എത്തിച്ചു. കാസർകോട് നിന്ന് രോഗികൾ മംഗലാപുരത്ത് എത്തുന്നതു തടയാൻ കർണാടകം റോഡ് മണ്ണിട്ട് അടച്ചതിനെത്തുടർന്ന് കാസർകോട് സ്വദേശികൾ നേരിട്ട ബുദ്ധിമുട്ടുകൾ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലും കർണാടകക്കാരനായ ഒരു രോഗിക്ക് ആവശ്യമായ മരുന്ന് കേരള പൊലീസ് അതിർത്തിക്കപ്പുറം എത്തിച്ചുകൊടുക്കുകയുണ്ടായി. ഭക്ഷണം കിട്ടാതെ വലഞ്ഞ എത്രയോ നിരാലംബർക്ക് ആശ്രയമായത് നമ്മുടെ സേനാംഗങ്ങൾ തന്നെ. പൊലീസിന്റെ കാരുണ്യഹസ്തം സമയത്ത് ഉപകരിച്ചതുകൊണ്ട് എത്രയോ കുടുംബങ്ങൾ ഇന്ന് ആശ്വസിക്കുന്നു.

കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ പണിയെടുക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും അമൂല്യ സേവനത്തിന് സമൂഹം എക്കാലവും കടപ്പെട്ടിരിക്കും. അതു അംഗീകരിക്കാൻ സർക്കാരും തയ്യാറാകണം. അതുപോലെ നിസ്തുല സേവനത്തിന്റെ പേരിൽ പൊലീസ് സേനാംഗങ്ങളും പ്രത്യേക പാരിതോഷികത്തിന് അർഹരാണ്.

ലോക്ക് ഡൗൺ ചില്ലറ ഇളവുകളോടെ തുടരുമ്പോഴും കൊവിഡ് ഉയർത്തുന്ന വെല്ലുവിളി ശക്തമായി നിലനിൽക്കുകയാണെന്ന യാഥാർത്ഥ്യം മറക്കരുത്. ഇത്രയും ദിവസങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അതേപടി തുടർന്നാൽ മാത്രമേ മഹാമാരിയെ പിടിച്ചുകെട്ടാനായി എന്നു പറയാനാവൂ. രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന മുഴുവൻ പേരുടെയും ആത്മാർത്ഥമായ സേവനം ഇതേപോലെ തുടർന്നാൽ മാത്രമേ കഷ്ടകാലത്തിൽ നിന്ന് കരകയറിയെന്നു കരുതാനാവൂ. കൊവിഡിൽ നിന്നു പൂർണ മുക്തി നേടിയെന്നു കരുതിയ ചൈനയിൽ നിരവധി പേർ രോഗഗ്രസ്ഥരായി എന്ന വാർത്ത കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണമുള്ളപ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കൂടുതൽ പേർ രോഗികളായത്. നിയന്ത്രണത്തിൽ ഇളവു വരുന്നതും കാത്ത് വീർപ്പുമുട്ടിയിരിക്കുന്നവർ ഓർക്കേണ്ട യാഥാർത്ഥ്യങ്ങളാണിതൊക്കെ.

........................................................................................................................................................................................................................

സമൂഹം ഒന്നാകെ വിഷമിച്ചു കഴിയുന്ന വേളയിൽ വിവാഹത്തിനാണെങ്കിൽ പോലും അവധിയെടുത്ത് മാറി നിൽക്കാൻ മനസ്സ് അനുവദിച്ചില്ലെന്ന പ്രസാദിന്റെയും ആര്യയുടെയും വാക്കുകൾ യുവതലമുറയ്ക്കു മാത്രമല്ല മുഴുവൻ പേർക്കും പ്രചോദനം നൽകുന്നതാണ്. ജീവിതം കൂടുതൽ അർത്ഥപൂർണമാകുന്നത് സേവനത്തിന്റെ ഇത്തരം വഴികളിലൂടെയാണ്.