vattu

വക്കം: വ്യാജവാറ്റും ചാരായ വില്പനയും വ്യാപകമായ സാഹചര്യത്തിൽ കടയ്ക്കാവൂർ പൊലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാറ്റ് പിടിച്ചെടുത്തു. കിഴാറ്റിങ്ങൽ എ.കെ. നഗർ ഡീസന്റ് മുക്കിൽ റബർ എസ്റ്റേറ്റിനുസമീപം ഒഴിഞ്ഞ പുരയിടത്തിൽ നിന്നാണ് വാറ്റ് പിടികൂടിയത്. കീഴാറ്റിങ്ങൽ അംഗ്ലീമുക്കിൽ പുത്തൻവിള കോളനിയിൽ ദീപു (24) അറസ്റ്റിലായി. രണ്ടുപേർ ഒാടി രക്ഷപ്പെട്ടു. പിടിയിലായ ദീപു വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസുദ്യോഗസ്ഥനെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.

ചാരായം ലിറ്ററിന് 1500 രൂപയ്ക്കാണ് വിറ്റിരുന്നത്. ആളൊഴിഞ്ഞ വീട്ടിൽ നാലു പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് സാമഗ്രികളുമാണ് പിടിയിലായത്. കടയ്ക്കാവൂർ സി.ഐ. ആർ. ശിവകുമാർ, എസ്.ഐ. മാരായ വിനോദ് വിക്രമാദിത്യൻ, മാഹീൻ, നസീർ സി.പി.ഒ. ജ്യോതിഷ്, ബിനു, അരുൺ, സുജിത്ത്, ജുഗുനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ചിത്രം പൊലീസ് കോട പിടിച്ചെടുത്തപ്പോൾ