maharashtra

മുംബയ്: മലയാളികൾ ഏറ്റവും കൂടുതലുള്ള മുംബയിൽ കൊവിഡ് പറക്കുകയാണ്. 59 പേർക്കുകൂടി പുതുതായി രോഗം പിടിപെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് മുംബയ് ഉൾപ്പെടുന്ന മഹാരാഷ്ട്രയിലാണ്. കൊവിഡ് ബാധിതർ 2064. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച നഴ്സുമാരിൽ 50 പേർ മലയാളികളാണ്.

ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 15 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 47 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറിലധികം ആരോഗ്യപ്രവർത്തകർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽപെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിലുള്ളവരുമാണ്.

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. കൊവിഡ് പരിശോധനകൾക്ക് വേഗം കൂട്ടി മഹാരാഷ്ട്രയിൽ പൂൾ ടെസ്റ്റ് ആരംഭിച്ചു. മരണസംഖ്യ അഞ്ചായി ഉയർന്ന ധാരാവിയിൽ ഇന്ന് 60 വയസുകാരൻ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം ദിനംപ്രതിയുയരുന്ന ധാരാവിയിൽ അണുനശീകരണം വേഗത്തിലാക്കി.