കാട്ടാക്കട:ഫണ്ടിന്റെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർക്ക് പൂർണ ശമ്പളം നൽകിയില്ലെന്ന് ആക്ഷേപം.ജില്ലയിലെ പാലോട്, പേപ്പാറ,അഗസ്ത്യവനം, പരുത്തിപ്പള്ളി,നെയ്യാർ റേഞ്ചുകളിൽ പ്രൊട്ടക്ഷൻ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ മാർച്ചിലെ ശമ്പളമാണ് പൂർണമായി ലഭിക്കാത്തത്.ജീവനക്കാരിൽ പലർക്കും 12 മുതൽ 20 ദിവസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്.17,​000 രൂപ മാസശമ്പളം വാങ്ങിയിരുന്ന പലർക്കും 7000 രൂപയിൽ താഴെ മാത്രമാണ് ലഭിച്ചത്. ശമ്പളം പൂർണമായി നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളപ്പോഴാണ് ഈ സ്ഥിതി.അതേസമയം,​ഈമാസം ഫണ്ട് ലഭിക്കുമ്പോൾ കുടിശികയുള്ള തുക അടുത്ത മാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്ന് അധികൃതർ അറിയിച്ചു.