congo

കിൻഷസ: ലോകം കൊവിഡ് വൈറസുമായി ഏറ്റുമുട്ടുമ്പോൾ ആഫ്രിക്കൻ രാജ്യമായ കോംഗോയ്ക്ക് നേരിടേണ്ടി വരിക ഒന്നിലധികം എതിരാളികളെയാണ്. 18 മാസങ്ങളിലേറെയായി എബോളയെന്ന പകർച്ചവ്യാധിയ്‌ക്കെതിരെയുള്ള കോംഗോയുടെ പോരാട്ടം തുടങ്ങിയിട്ട്. ഏഴ് ആഴ്ചകളായി രാജ്യത്ത് പുതിയ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ഭീതി ഒഴിഞ്ഞുവെന്ന് പ്രഖ്യാപിക്കാനിരിക്കെ കോംഗോയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു.

അടുത്തിടെ 11 വയസുള്ള പെൺകുട്ടി ഉൾപ്പെടെ രണ്ട് പേരാണ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചത്. രാജ്യത്ത് നേരത്തെ റിപ്പോർട്ട് ചെയ്ത എബോളയുടെ രണ്ടാം വരവ് പൂർണമായി തുടച്ചു നീക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തിലിരിക്കെയാണ് ആരോഗ്യ പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കിഴക്കൻ കോംഗോയിലെ ബെനി നഗരത്തിൽ 26 കാരനായ ഇലക്ട്രീഷ്യൻ എബോള ബാധിച്ച് മരിച്ചത്. ഞായറാഴ്ച മരിച്ച പെൺകുട്ടിയേയും ഇയാളെ ചികിത്സിച്ച ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചത്.

ഇലക്ട്രീഷ്യന് എബോള എങ്ങനെ വന്നു എന്ന് കണ്ടെത്തിയിട്ടില്ല. ഇയാൾക്ക് എബോള രോഗികളുമായി സമ്പർക്കമുണ്ടായിരുന്നില്ല. ഇയാൾക്ക് എബോള രോഗം മുമ്പ് വന്നിട്ടുമില്ല. 2018 ഓഗസ്റ്റിലാണ് കോംഗോയിൽ എബോള രണ്ടാം വരവ് തുടങ്ങിയത്. അന്ന് മുതൽ 2,200 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. രോഗ ബാധിതരായ മൂന്നിൽ രണ്ട് പേരും മരണത്തിന് കീഴടങ്ങി. പുതുതായി കണ്ടെത്തിയ രണ്ട് വാക്സിനുകളിലൂടെ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ഇതിനു മുമ്പ് 2013 - 2016 കാലഘട്ടത്തിലാണ് കോംഗോ ഉൾപ്പെടെ പടി‌ഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ ദിവസം എബോള ബാധിച്ച് മരിച്ച ഇലക്ട്രീഷ്യന്റെ വീട് അണുവിമുതക്തമാക്കാനും സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ശേഖരിക്കാനുമെത്തിയ ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കും ബെനി നഗരത്തിലെ ഡെപ്യൂട്ടി മേയർക്കും നേരെ ഒരു കൂട്ടം യുവാക്കൾ കല്ലേറ് നടത്തിയിരുന്നു. ഡെപ്യൂട്ടി മേയർ കല്ലേറിനിടെ സ്വന്തം കാറുപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ എബോള ബാധിച്ച് മരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ആരോഗ്യ പ്രവർത്തകർ. 200 ലധികം പേർ പട്ടികയിൽ വരുമെന്നാണ് കണക്കുകൂട്ടൽ.


കഴിഞ്ഞ ഒരു ദശാബ്ദമായി കോംഗോയിലെ ജനതയെ കാർന്നു തിന്നുന്ന എബോളയെന്ന ഭീകരനു പുറമേ ഇപ്പോൾ വികസിത രാജ്യങ്ങളെ പോലും മുട്ടുകുത്തിച്ചിരിക്കുന്ന കൊവിഡ് കൂടി കടന്നു വന്നാൽ എന്തു ചെയ്യണം എന്ന നിസാഹായാവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ.

ആകെയൊരു ആശ്വാസം കൊവിഡ് വ്യാപനം തടയാൻ പ്രയോഗിക്കുന്ന ആയുധങ്ങളായ സാമൂഹ്യ അകലം പാലിക്കലും കൈകഴുകലുമൊക്കെ നേരത്തെ തന്നെ കോംഗോയിലുള്ളവർക്ക് അറിയാമെന്നതാണ്. കോംഗോയിൽ എബോളയുടെ പ്രഭവ കേന്ദ്രമായിരുന്ന ബെനിയിൽ തന്നെയാണ് ഇപ്പോൾ കൊവിഡും ഉത്ഭവിച്ചിരിക്കുന്നത്. എബോളയുടെ വെളിച്ചത്തിൽ കൊവിഡ് വൈറസിനെതിരെയുള്ള മുൻ കരുതൽ നടപടികൾ ഇവിടെ ആരംഭിച്ചു കഴി‌ഞ്ഞു. എങ്കിലും കാട്ടുതീ പോലെ പടരുന്ന കൊവിഡിനെ പിടിച്ചുകെട്ടുക എന്നത് കോംഗോയെ സംബന്ധിച്ച് ഏറെ ശ്രമകരമായ ദൗത്യമാണ്. അടിസ്ഥാന സൗകര്യ കുറവും ദാരിദ്ര്യവുമൊക്കെ കോംഗോ നേരിടുന്ന വെല്ലുവിളികളാണ്. കൊവിഡിനെ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന വളരെ അപകടകാരിയായ ഒരു രോഗത്തെ ചെറുക്കാൻ ആവശ്യമായ വെന്റിലേറ്ററുകളോ സുരക്ഷാ ഉപകരണങ്ങളോ കോംഗോയിലില്ല. നിലവിൽ 234 പേർക്കാണ് കോംഗോയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേർ മരിച്ചു.