oc

തിരുവനന്തപുരം: അമേരിക്കയിൽ വൻവിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കൻ പബ്ലിക് റിലേഷൻസ് കമ്പനിക്ക് കൊവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും. കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, ഇതിനോനോടനുബന്ധിച്ചുള്ള എല്ലാ ആരോഗ്യ, പ്രതിരോധ പ്രവർത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവുമായിരിക്കണം. .അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ളറുടെ വെബ്‌പോർട്ടലിലേക്ക് കൊവിഡുമായി ബന്ധപ്പെട്ട് സമാഹരിച്ചതും അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടതുമായ ആരോഗ്യവിവരങ്ങളാണ് നല്കിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്.

അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും പ്രചാരണമഴിച്ചുവിടുകയും ചെയ്ത ചരിത്രമാണ് സി.പി.എമ്മിനുള്ളത്. യു.പി.എ സർക്കാർ ആധാർ കൊണ്ടുവന്നപ്പോൾ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്നാക്ഷേപിച്ച് പ്രക്ഷോഭമുണ്ടാക്കിയവരാണ് ഇപ്പോൾ അമേരിക്കൻ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങൾ നല്കുന്നത്- ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.