
മനാമ: കൊവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ മികച്ച ഫലമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരെ റിഫ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാനും മുൻകരുതൽ നടപടികൾ സഹായിച്ചു. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും അവബോധവും ഐക്യദാർഢ്യവും ഈ വെല്ലുവിളി നേരിടാൻ കഴിയുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിമാർക്കും സർക്കാർ വകുപ്പുകൾക്കും അദ്ദേഹം നിർദേശം നൽകി.
പ്രവാസി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. കൊവിഡ് നേരിടാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രധാനമന്ത്രി വിലയിരുത്തി.