കടയ്ക്കാവൂർ: ലോക്ക് ഡൗണിലും കർമ്മനിരതനാണ് കടയ്ക്കാവൂർ പഞ്ചായത്തിലെ എറ്റവും മികച്ച കർഷകനായ കീഴാറ്റിങ്ങൽ ചരുവിള വീട്ടിൽ സുദേവൻ. ഈ പ്രതിസന്ധി ദിനങ്ങളിൽ വിഷമില്ലാത്ത പച്ചക്കറി നാട്ടുകാർക്ക് നൽകാൻ കുടുംബസമേതം കഠിനാദ്ധ്വാനം നടത്തുകയാണ് ഇദ്ദേഹം. പതിനാറ് വർഷം മുൻപ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ സുദേവൻ അന്നുമുതൽ ഒരു തികഞ്ഞ കർഷകനായാണ് ജീവിതം നയിക്കുന്നത്. സുദേവന്റെ ഭാര്യ അമ്പിളി ഏലാപ്പുറം സ്കൂളിന് സമീപത്തുള്ള വഴിയോര കടയിൽ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന ജൈവ പച്ചക്കറി വില്പന നടത്തുന്നുണ്ട്. മൂത്ത മകൻ അഭിലാഷ് ഡിഗ്രി വിദ്യാർത്ഥിയും ഇളയ മകൻ അജീഷ് ആറ്റിങ്ങൽ പാരലൽ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. ഇരുവരും പഠനസമയം ഒഴികെ മുഴുവൻ സമയവും അച്ഛനെ സഹായിക്കാൻ ഒപ്പം കൂടാറുണ്ട്. ഏലാപ്പുറത്തും മണനാക്കിലും പാട്ടത്തിനെടുത്ത ഒാരോ ഏക്കർ സ്ഥലത്താണ് സുദേവൻ ഇപ്പോൾ കൃഷിയിറക്കി വരുന്നത്. കോഴി കാഷ്ഠം, ചാണകം തുടങ്ങി തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. രാസകീടനാശിനികൾ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടേയില്ലെന്ന് സുദേവൻ പറയുന്നു. ജില്ലയിലെ ഏറ്റവും മികച്ച കർഷകനുളള സരോജിനി - ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ അവാർഡിന് 2019 ൽ അർഹനായി. കഴിഞ്ഞ മൂന്ന് വർഷമായി കടയ്ക്കാവൂർ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്തതും സുദേവനെ തന്നെയാണ്. ഏലാപുറത്തെ തന്റെ കടയിലൂടെ സുദേവൻ പച്ചക്കറി തൈകളും വിത്തുകളും ആവശ്യക്കാർക്ക് വിലയ്ക്ക് നൽകുന്നുണ്ട്. ഇൗ വിഷുദിനത്തിൽ തന്റെ കടയിലെത്തുന്ന ആദ്യ പത്ത് ഉപഭോക്താക്കൾക്ക് ജൈവ പച്ചക്കറികിറ്റുകൾ വിഷുകൈനീട്ടമായി നൽകുമെന്ന് സുദേവൻ പറഞ്ഞു.