തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രതയും നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും തുടർന്നില്ലെങ്കിൽ സ്ഥിതി വീണ്ടും കൈവിട്ട് പോകാമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. രോഗവ്യാപന ഭീഷണി ഉണ്ടായ കാസർകോട് ജില്ലയിലടക്കം നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ജില്ലയിലെ കണക്കുകൾ സഹിതമാണ് മന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചത്.
രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലെ ധാരണയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടാഴ്ചത്തെ നിയന്ത്രണം കൂടിയായാൽ കൊവിഡ് രോഗത്തിൽ നിന്ന് സംസ്ഥാനത്തിന് മുക്തി നേടാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ, അതിന് ശേഷവും നിയന്ത്രണം തുടരേണ്ടി വരുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. ഗൾഫ് നാടുകളിൽ നിന്നുള്ളവരുടെ വരവ് കൂടാനിടയുള്ള സാഹചര്യവും മറ്റും കണക്കിലെടുക്കണം.