തിരുവനന്തപുരം: സ്പ്രിൻക്ളർ ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡാറ്റാ വില്പന നടന്നിട്ടുണ്ടെന്ന കുറ്റസമ്മതമാണെന്ന് ആർ.എസ്.പി കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പ്രസ്താവിച്ചു. ഇടപാടിനെ ന്യായീകരിക്കാൻ കൃത്യമായ മറുപടിയില്ലാത്തതിനാൽ സാങ്കേതിക പദാവലികൾ കുത്തിനിറച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് തോമസ് ഐസക്. ലോകാരോഗ്യ സംഘടനയ്ക്കായി ബിഗ് ഡാറ്റാ അനലൈസിംഗ് നടത്തുന്നത് സ്പ്രിൻക്ളർ ആണെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും സ്പ്രിൻക്ളറുടെ വെബ്‌സൈറ്റിലെ ക്ലയന്റ് ലിസ്റ്റിൽ ലോകാരോഗ്യ സംഘടനയില്ലെന്നും ഷിബു വ്യക്തമാക്കി. അമേരിക്കൻ പൗരനായ രാഗി തോമസിന്റെ സ്ഥാപനം എങ്ങനെയാണ് മലയാളി സ്റ്റാർട്ടപ്പാകുന്നതെന്ന് ചോദിച്ച ഷിബു ബേബിജോൺ ഡാറ്റാ കൈമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറിയത് കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരാതിരിക്കാനാണെന്നും പറഞ്ഞു.