ന്യൂഡൽഹി: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.
ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്.
യു.കെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യു.കെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി.