ghost

ജാവ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്തോനേഷ്യയിലെ കെപാ ഗ്രാമത്തിൽ പ്രേതശല്യം അനുഭവപ്പെടുന്നതായാണ് പ്രദേശവാസികളുടെ പരാതി. വെളുത്ത അജ്ഞാത രൂപങ്ങൾ വഴിയിൽ ആളുകൾക്കു മുന്നിലേക്ക് ചാടി വീഴുകയും രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയും ചെയ്യുമത്രേ. ജാവയിലെ ഈ കുഞ്ഞൻ ഗ്രാമത്തിൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ അധികൃതർ കണ്ടെത്തിയ ഐഡിയയാണ് ഈ പ്രേതങ്ങൾ. തെരുവുകളിൽ വിന്യസിച്ചിരിക്കുന്ന ഈ ഡൂപ്ലിക്കേറ്റ് പ്രേതങ്ങളെ കണ്ടെങ്കിലും ആളുകൾ വീട്ടിലിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ബുദ്ധിപ്രയോഗിച്ചത്.

പൊലീസുമായി സഹകരിച്ച് ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ വിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചത്. കൊവിഡിൽ നിന്നും രക്ഷനേടാൻ എല്ലാവരും വീടുകൾ തന്നെ തുടരണമെന്ന സന്ദേശം നൽകുകയാണിവരിപ്പോൾ. ഇന്തോനേഷ്യൻ നാടോടികഥകളിൽ വെളുത്ത ശവവസ്ത്രത്തിൽ പൊതിഞ്ഞ്, വെള്ളപ്പൊടി വിതറിയ മുഖവും കരിയെഴുതിയ കണ്ണുകളുമുള്ള ' പൊക്കോംഗ് ' എന്ന പ്രേതത്തിന്റെ രൂപത്തിലാണ് ഇവർ ഗ്രാമത്തിലെ തെരുവുകളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചത്. മരിച്ചവരുടെയും ആത്മാക്കളുടെയും പ്രതീകങ്ങളാണ് പൊക്കോംഗുകൾ.

ഈ വേഷധാരികളെ കണ്ട ഗ്രാമീണർ ആദ്യം ഭയക്കുകയും കുറേപേർ ചേർന്ന് ഈ പ്രേതത്തെ കൈയ്യോടെ പിടിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. കാര്യം കൈവിട്ടുപോകുമെന്നായതോടെ പൊലീസും സംഘാടകരും ചേർന്ന് ബോധവത്കരണ രീതി പരിഷ്‌കരിച്ചു. ഇപ്പോൾ പുറത്തിറങ്ങുന്നവരെ ഉപദേശിച്ച് വീടിനുള്ളിലാക്കുന്ന ജോലിയാണ് ഈ പ്രേതങ്ങൾക്ക്. പോക്കോംഗുകളുടെ വേഷത്തിൽ തന്നെയാണ് ഉപദേശം നൽകുന്നത്. ഇന്തോനേഷ്യയിൽ ഇതേവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. ആളുകൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.

അതേ സമയം ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ കെപാ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ്. കെപായിലെ ' പ്രേതങ്ങളുടെ പട്രോളിംഗും ' ഇതിന്റെ ഭാഗമാണ്. മിക്ക ഗ്രാമങ്ങളിലും ജനങ്ങൾ അനാവശ്യമായ പുറത്ത് പോകുന്നതിനെ വിലക്കുന്നുണ്ട്. നിലവിൽ 4,557 പേർക്കാണ് ഇന്തോനേഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 399 പേർ മരിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.